ഫ്രേസര്‍ നദിയില്‍ ഇറങ്ങിയ അണ്ടര്‍വാട്ടര്‍ ഡൈവര്‍മാര്‍ വെള്ളത്തിനടിയില്‍ വിചിത്രമായ കാര്യമാണ് കണ്ടെത്തിയത്. നദിയിലെ ആഴമുള്ള പ്രദേശത്ത് മോഷ്ടിക്കപ്പെട്ട ഒന്നിലധികം വാഹനങ്ങളാണ് മുങ്ങല്‍വിദഗ്ധര്‍ കണ്ടെത്തിയത്. അവയില്‍ ചിലത് ഒരു പതിറ്റാണ്ട് മുമ്പ് മുങ്ങിപ്പോയതായി കരുതുന്നു. ഏപ്രില്‍ 6ന് അര്‍ധരാത്രിയില്‍ ഒരു വാഹനം നദിയിലേക്ക് മറയുന്നത് കണ്ടതിനെ തുടര്‍ന്നാണ് ഫ്രേസര്‍ നദിയില്‍ പല ഭാഗത്തായി പോലീസ് അന്വേഷണം ആരംഭിച്ചത്. മക്വാബീക്ക് പാര്‍ക്കിലെ ബോട്ട് ലോഞ്ചിന് സമീപം അപകടത്തെ തുടര്‍ന്ന് കോക്വിറ്റ്‌ലാം ആര്‍സിഎംപി അന്വേഷണം തുടങ്ങി. കാറിനുള്ളില്‍ ഡ്രൈവര്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ ആര്‍സിഎംപി അണ്ടര്‍വാട്ടര്‍ റിക്കവറി ടീം നദിയിലിറങ്ങി. ഡ്രൈവര്‍ സീറ്റില്‍ ഉണ്ടായിരുന്നില്ല. പക്ഷേ അവര്‍ കണ്ടെത്തിയത് അതിശയിപ്പിക്കുന്ന മറ്റ് ചില കാര്യങ്ങളായിരുന്നു.
നദിയുടെ അടിത്തട്ടില്‍ നിന്നും മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തിയത് ഒരു സ്‌കൂള്‍ ബസും മൂന്ന് കാറുകളുമടക്കം നിരവധി വാഹനങ്ങളാണ്. നദിയുടെ ആഴവും മോശം സ്ഥിതിയും മോഷ്ടിച്ച വാഹനങ്ങള്‍ നദിയില്‍ ഒളിപ്പിക്കാന്‍ നദികള്‍ മോഷ്ടാക്കാള്‍ക്ക് സൗകര്യപ്രദമായ ഇടമായി മാറി. 2010 ല്‍ മോഷണം പോയ കറുത്ത നിറത്തിലുള്ള 2000 ഹോണ്ട സിവിക്, 2004 ല്‍ മോഷ്ടിക്കപ്പെട്ട മസ്ദ എന്നിവയും കണ്ടെത്തിയ വാഹനങ്ങളില്‍ ഉള്‍പ്പെടുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.