ഒന്റാരിയോയില്‍ ടെസ്റ്റിംഗ് ലാബുകള്‍ അടച്ചുപൂട്ടുന്നു: പൊതുജനങ്ങളുടെ ജീവന്‍ അപകടത്തിലാകുമെന്ന് മുന്നറിയിപ്പ് നല്‍കി ജീവനക്കാര്‍ 

By: 600002 On: Apr 18, 2024, 11:27 AM

 

 

ഒന്റാരിയോയില്‍ സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ടെസ്റ്റിംഗ് സൈറ്റുകളില്‍ പകുതിയിലധികവും അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് പ്രവിശ്യാ സര്‍ക്കാര്‍. എന്നാല്‍ ഈ തീരുമാനം പൊതുജനാരോഗ്യ ദുരന്തങ്ങള്‍ ഉണ്ടാകാന്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന് ലാബ് ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആറ് പബ്ലിക് ഹെല്‍ത്ത് ഒന്റാരിയോ(പിഎച്ച്ഒ) ലാബുകളിലെ ജീവനക്കാര്‍ക്ക് ഫെസിലിറ്റികള്‍ അടച്ചുപൂട്ടുന്നത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ഒന്റാരിയോ പബ്ലിക് സര്‍വീസ് എംപ്ലോയീസ് യൂണിയന്‍(ഒപിഎസ്ഇയു) പറയുന്നു. എന്നാല്‍ ഫോര്‍ഡ് സര്‍ക്കാരില്‍ നിന്നും ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. 

ഒന്റാരിയോയിലെ ഓഡിറ്റര്‍ ജനറല്‍ ഡിസംബറില്‍ പുറത്തിറക്കിയ വാല്യു-ഫോര്‍-മണി ഓഡിറ്റില്‍ പ്രവിശ്യയിലെ 11 പിഎച്ച്ഒ ലാബുകളില്‍ ആറ് എണ്ണം അടച്ചുപൂട്ടാന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു. ടിമ്മിന്‍സ്, സോള്‍ട്ട് സ്‌റ്റെ മേരി, ഒറിലിയ, ഹാമില്‍ട്ടണ്‍, കിംഗ്‌സ്റ്റണ്‍, പീറ്റര്‍ബറോ എന്നിവടങ്ങളിലെ ലാബുകളാണ് അടച്ചുപൂട്ടുന്നത്. കിണറുകള്‍, ബീച്ചുകള്‍, പൊതു, സ്വകാര്യ ജലവിതരണം എന്നിവയില്‍ നിന്നുള്ള വെള്ളം പരിശോധിക്കുന്നതിനൊപ്പം എച്ച്‌ഐവി, സിഫിലിസ്, ക്ഷയം, ഇന്‍ഫ്‌ളുവന്‍സ, കോവിഡ്-19, വെസ്റ്റ് നൈല്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മെഡിക്കല്‍ പരിശോധനകളും പിഎച്ച്ഒ ലാബുകള്‍ പ്രോസസ് ചെയ്യുന്നുണ്ട്. 

യൂണിയന്‍ പറയുന്നതനുസരിച്ച് ലാബുകള്‍ ഒരു ദിവസം ആയിരക്കണക്കിന് ജല സാമ്പിളുകള്‍ ശേഖരിക്കുകയും മെഡിക്കല്‍ ടെസ്റ്റുകള്‍ പ്രോസസ് ചെയ്യുകയും ചെയ്യുന്നു. 

അതേസമയം, ലാബുകള്‍ അടച്ചുപൂട്ടി കേന്ദ്രീകരിക്കുന്നത് സാമ്പിളുകള്‍ ശേഖരിക്കാന്‍ മണിക്കൂറോളം യാത്രാ സമയം വര്‍ധിപ്പിക്കുമെന്നും റൂറല്‍, നോര്‍ത്തേണ്‍ കമ്മ്യൂണിറ്റികളെ ആനുപാതികമായി ബാധിക്കുകയും ചെയ്യുമെന്ന് സഡ്ബറി എംപിപി ജാമി വെസ്റ്റ് പറഞ്ഞു.