ഒന്റാരിയോയിലെയും ക്യുബെക്കിലെയും ഗ്യാസ് വില ഉയര്‍ന്ന നിലയിലേക്ക് കുതിക്കുമെന്ന് പ്രവചനം

By: 600002 On: Apr 18, 2024, 10:12 AM

 


ഒന്റാരിയോയിലെയും ക്യുബെക്കിലെയും ഗ്യാസ് വില ഏകദേശം രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് വ്യാഴാഴ്ച കുതിക്കുമെന്ന് കനേഡിയന്‍സ് ഫോര്‍ അഫോര്‍ഡബിള്‍ എനര്‍ജി പ്രസിഡന്റ് ഡാന്‍ മക്ടീഗ്. ഇരുപ്രവിശ്യകളിലെയും ഒരു ലിറ്റര്‍ ഗ്യാസിന്റെ ശരാശരി വില ഒറ്റരാത്രി കൊണ്ട് 14 സെന്റ് ഉയരുമെന്ന് അദ്ദേഹം പ്രവചിക്കുന്നു. വ്യാഴാഴ്ച ഒന്റാരിയോയില്‍ ഗ്യാസിന്റെ വില ലിറ്ററിന് 179.9 സെന്റായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മക്ടീഗ് പറഞ്ഞു. അതേസമയം, മോണ്‍ട്രിയലിലും ക്യുബെക്ക് സിറ്റിയിലും ഉള്ളവര്‍ പമ്പുകളില്‍ ലിറ്ററിന് 188.9 സെന്റാകുമെന്നും പ്രവചിക്കുന്നു. 

2022 ഓഗസ്റ്റ് 2 ന് ശേഷം രണ്ട് പ്രവിശ്യകളിലും റിപ്പോര്‍ട്ട് ചെയ്യുന്ന ഗ്യാസിന്റെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. യുഎസ് വിപണികളിലെ ഊര്‍ജ വില കാരണം ഈ വര്‍ഷം വര്‍ധന ഗണ്യമായി കൂടുതലാണെന്ന് മക്ടീഗ് പറഞ്ഞു. വേനല്‍ക്കാല മാസങ്ങളിലേക്ക് പോകുമ്പോള്‍ ഗ്യാസ് വില ലിറ്ററിന് 1.75 ഡോളര്‍ മുതല്‍ ലിറ്ററിന് ഏകദേശം 1.95 ഡോളര്‍ വരെ ഉയര്‍ന്ന വിലയിലേക്ക് മാറുമെന്ന് അദ്ദേഹം പ്രവചിക്കുന്നു.