ക്യുബെക്കില്‍ രണ്ട് വര്‍ഷത്തിനിടെ തട്ടിപ്പ് കേസുകള്‍ 15 ശതമാനം വര്‍ധിച്ചു 

By: 600002 On: Apr 18, 2024, 8:18 AM

 


ക്യുബെക്കില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ തട്ടിപ്പുകേസുകള്‍ 15 ശതമാനം വര്‍ധിച്ചതായി ക്യുബെക്ക് അസോസിയേഷന്‍ ഓഫ് പോലീസ് ഡയറക്ടേഴ്‌സ്(ADPQ) റിപ്പോര്‍ട്ട്. 2023 ല്‍ ഏകദേശം 37,000 പേര്‍ പ്രവിശ്യയില്‍ തട്ടിപ്പിനിരയായതായി കണക്കുകള്‍ പറയുന്നു. പ്രവിശ്യ പോലീസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പോലീസ് കണക്കുകള്‍ വ്യക്തമാക്കിയത്. മോണ്‍ട്രിയല്‍, മോണ്ടറെജി, ക്യുബെക്ക് സിറ്റി ഏരിയ എന്നിവയാണ് തട്ടിപ്പ് ഏറ്റവും കൂടുതല്‍ നടക്കുന്ന പ്രദേശങ്ങള്‍. ലാവലിലും മൗറിസിയിലും തട്ടിപ്പുകേസുകളില്‍ 20 ശതമാനം വര്‍ധനയുണ്ടായി. 

സര്‍വീസ് കാര്‍ഡുകള്‍, കമ്പ്യൂട്ടറുകള്‍, ഐഡന്റിറ്റി തെഫ്റ്റ് എന്നിവയാണ് പ്രവിശ്യയില്‍ സാധാരണയായി നടക്കുന്ന തട്ടിപ്പുകള്‍. വ്യാജ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന തട്ടിപ്പുകള്‍, ഗ്രാന്‍ഡ്‌പേരന്റ്-ടൈപ്പ് തട്ടിപ്പുകള്‍, റൊമാന്‍സ് ഫ്രോഡ് തുടങ്ങിയവയും പ്രവിശ്യയിലുടനീളം സംഭവിക്കുന്നുണ്ടെന്ന് എഡിപിക്യു ചൂണ്ടിക്കാണിക്കുന്നു. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ കൂടുതല്‍ തട്ടിപ്പുകള്‍ നടക്കുന്നതും പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചിത്രവും ശബ്ദവുമെല്ലാം ക്ലോണ്‍ ചെയ്ത് ആളുകളെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടുന്ന കേസുകളും വര്‍ധിച്ചിട്ടുണ്ട്. ജനുവരി 1 മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ പ്രവിശ്യയില്‍ ഏകദേശം 3 മില്യണ്‍ ഡോളറിന്റെ നഷ്ടം റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം തുടക്കത്തില്‍ 142 പേര്‍ പ്രണയ തട്ടിപ്പിന് ഇരയായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവര്‍ക്ക് 800,000 ഡോളര്‍ നഷ്ടമായതായി പറയുന്നു.