എഡ്മന്റണില്‍ എന്‍ഐസിയുകള്‍ പ്രവര്‍ത്തിക്കുന്നത് ശേഷിക്ക് മുകളില്‍; കുഞ്ഞുങ്ങളുടെ ആരോഗ്യം അപകടത്തില്‍ 

By: 600002 On: Apr 17, 2024, 12:45 PM

 


എഡ്മന്റണ്‍ ഏരിയയിലെ ആശുപത്രികളില്‍ പ്രതിരോധശേഷി കുറഞ്ഞ കുഞ്ഞുങ്ങളെ പരിചരിക്കുന്ന ആശുപത്രികള്‍ പ്രതിസന്ധി നേരിടുന്നതായി റിപ്പോര്‍ട്ട്. എന്‍ഐസിയുവിലെ ശേഷിയില്‍ കൂടുതല്‍ കുഞ്ഞുങ്ങളെ പരിചരിക്കേണ്ടി വരുന്നുണ്ടെന്നും ഇത് വെല്ലുവിളി സൃഷ്ടിക്കുന്നതായും ജീവനക്കാര്‍ പറയുന്നു. പ്രതിസന്ധിക്ക് പരിഹാരത്തിന് പ്രവിശ്യ സര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിക്കുകയാണ് ജീവനക്കാര്‍. 

പ്രവിശ്യയിലുടനീളം എന്‍ഐസിയുകള്‍ പ്രതിസന്ധിയിലാണെന്നും 95 മുതല്‍ 102 ശതമാനം വരെ കപ്പാസിറ്റിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ആരോഗ്യമന്ത്രി അഡ്രിയാന ലാഗ്രാഞ്ചിനും ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് പ്രസിഡന്റ് അഥാന മെന്റ്‌സലോപൗലോസിനും അയച്ച കത്തില്‍ എഡ്മന്റണ്‍ സോണ്‍ മെഡിക്കല്‍ സ്റ്റാഫ് അസോസിയേഷന്‍ അംഗങ്ങള്‍ പറയുന്നു. എന്‍ഐസിയുകള്‍ക്കുള്ള സുരക്ഷിത കപ്പാസിറ്റി 80 മുതല്‍ 85 ശതമാനം വരെയാണ്. കിടക്കകളുടെ ലഭ്യത ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

നഴ്‌സുമാര്‍ക്കും ജോലി സമ്മര്‍ദ്ദമേറുകയാണ്. ഒരേ സമയം നിരവധി കുഞ്ഞുങ്ങളെ നഴ്‌സുമാര്‍ക്ക് പരിപാലിക്കേണ്ടി വരുന്നുവെന്നും ഇത് ദുര്‍ഭലരായ ഭാരക്കുറവുള്ള കുഞ്ഞുങ്ങള്‍ക്ക് കൃത്യമായി ആഹാരം നല്‍കാന്‍ കഴിയാതെ വരികയും ചെയ്യുന്നതായി കത്തില്‍ പറയുന്നു. 

സാഹചര്യം വളരെ ഗുരുതരമായി മാറുകയാണെന്നും ശിശുക്കളുടെ മരണം തന്നെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ആ പരിതാപകരമായ അവസ്ഥ കാണേണ്ടി വരുമെന്നും കത്തില്‍ നഴ്‌സുമാര്‍ പറയുന്നു. ആവശ്യമായ സൗകര്യങ്ങളും പിന്തുണയും ലഭിച്ചില്ലെങ്കില്‍ കുഞ്ഞുങ്ങളെ മറ്റ് ആശുപത്രികളിലേക്കോ പ്രവിശ്യയ്ക്ക് പുറത്തേക്കോ മാറ്റാനുള്ള സാഹചര്യത്തിന് ഇടയാക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. 

അതേസമയം, തനിക്ക് ലഭിച്ച കത്ത് വിഷമിപ്പിക്കുന്നതാണെന്നും ആവശ്യമെങ്കില്‍ മറ്റ് പ്രവിശ്യകളിലേക്ക് കുഞ്ഞുങ്ങളെ മാറ്റുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യുമെന്നും കുഞ്ഞുങ്ങളെ കൃത്യമായി സുരക്ഷിതമായി പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സാധ്യമായതെല്ലാം ചെയ്യാന്‍ തയാറാണെന്നും ആരോഗ്യമന്ത്രി ലാഗ്രാഞ്ച് നിയമസഭയില്‍ പ്രതികരിച്ചു.