ചിലിയില്‍ ടാക്‌സി സവാരി നടത്തിയ ഒന്റാരിയോ സ്വദേശിനിയില്‍ നിന്നും 7,000 ഡോളര്‍ ഈടാക്കി 

By: 600002 On: Apr 17, 2024, 12:08 PM

 

 

അന്റാര്‍ട്ടിക്കയിലേക്കുള്ള യാത്രയ്ക്കിടെ അനധികൃത ടാക്‌സി കമ്പനിയില്‍ നിന്നും അറിയാതെ ടാക്‌സി ഉപയോഗിച്ച ഒന്റാരിയോ സ്വദേശിനിക്ക് ഏകദേശം 7,000 ഡോളര്‍ നഷ്ടമായതായി റിപ്പോര്‍ട്ട്. മിഡ്‌ലാന്‍ഡില്‍ നിന്നുള്ള പാറ്റ് ഷാക്ക്‌ലാഡിക്കാണ് ദുരനുഭവം ഉണ്ടായത്. യാത്രയില്‍ ആദ്യ സ്റ്റോപ്പായ ചിലിയിലെ സാന്റിയാഗോയില്‍ വെച്ചാണ് തങ്ങള്‍ തട്ടിപ്പിനിരയായതെന്ന് ഷാക്ക്‌ലാഡി മാധ്യമങ്ങളോട് പറഞ്ഞു. 

ജനുവരിയില്‍ സാന്റിയാഗോ എയര്‍പോര്‍ട്ടില്‍ നിന്ന് തന്നെയും സുഹൃത്തിനെയും കൊണ്ടുപോകാന്‍ ടാക്‌സി മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നുവെന്ന് ഷാക്ക്‌ലാഡി പറഞ്ഞു. ടാക്‌സി വന്നപ്പോള്‍ തങ്ങളുടെ ഡ്രൈവര്‍ അപകടത്തില്‍പ്പെട്ടുവെന്നും മറ്റൊരു കമ്പനിയിലേക്ക് റീഡയറക്ട് ചെയ്‌തെന്നും തങ്ങളെ തെറ്റിദ്ധരിപ്പിച്ചു. യാത്രയ്ക്കായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് തങ്ങള്‍ക്ക് പണമട്‌ക്കേണ്ടി വന്നത്. 45,000 ഡോളര്‍ ചിലിയന്‍ പെസോയുടെ( ഏകദേശം 62 ഡോളര്‍) രസീത് തങ്ങള്‍ക്ക് തന്നെന്നും തുടര്‍ന്ന് യാത്ര തുടര്‍ന്നെന്നും അവര്‍ പറഞ്ഞു. യാത്ര കഴിഞ്ഞ് തിരികെ വീട്ടിലെത്തിയ ഷാക്ക്‌ലാഡിയുടെ ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്‌മെന്റില്‍ 6,943 ഡോളര്‍ ഈടാക്കിയതായി കണ്ടെത്തി. 

പണം നഷ്ടപ്പെട്ട ഉടന്‍ തന്നെ ഷാക്ക്‌ലാഡി ബാങ്ക് ഓഫ് മോണ്‍ട്രിയലു( ബിഎംഒ)മായി ബന്ധപ്പെട്ടു. എന്നാല്‍ ആദ്യം ക്ലെയിം നിരസിക്കുകയും, പിന്നീട് പണം തിരികെ നല്‍കാന്‍ കഴിയില്ലെന്ന് അറിയിക്കുകയും ചെയ്തതായി അവര്‍ പറഞ്ഞു. 

ഷാക്ക്‌ലാഡിയുടെ അനുഭവം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ചിലിയിലേക്കുള്ള യാത്രക്കാര്‍ക്ക് ടാക്‌സി തട്ടിപ്പുകളെക്കുറിച്ച് കനേഡിയന്‍ സര്‍ക്കാര്‍ യാത്രാ ഉപദേശം നല്‍കിയിരുന്നു. എയര്‍പോര്‍ട്ടുകള്‍ക്ക് സമീപം ടാക്‌സികള്‍ തട്ടിപ്പ് നടത്താനായി ഉണ്ടാകുമെന്നും ടാക്‌സികള്‍ ഉപയോഗിക്കുന്നതിനും പണം നല്‍കുന്നതിനും മുമ്പ് കാര്‍ഡ് റീഡറില്‍ തുക പരിശോധിക്കാനും മുന്നറിയിപ്പ് നല്‍കുന്നു. മീറ്ററില്ലാത്ത ടാക്‌സികള്‍ ഒഴിവാക്കാനും യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.