യുഎസില്‍ പര്യടനം നടത്തുന്നതിന് അന്താരാഷ്ട്ര കലാകാരന്മാരുടെ വിസ ഫീസ് 250 ശതമാനം വര്‍ധിച്ചു 

By: 600002 On: Apr 17, 2024, 11:10 AM

 


അന്താരാഷ്ട്ര കലാകാരന്മാര്‍ക്ക് പരിപാടികള്‍ അവതരിപ്പിക്കാന്‍ അമേരിക്കയിലെത്തുന്നത് ഇനി സങ്കീര്‍ണമാകും. യുഎസില്‍ പര്യടനം നടത്താന്‍ ആഗ്രഹിക്കുന്ന അന്താരാഷ്ട്ര സംഗീതജ്ഞര്‍ക്കായി ഏപ്രില്‍ 1 ന് 250 ശതമാനം വിസ ഫീസ് വര്‍ധിപ്പിച്ചിരിക്കുകയാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ്. എന്നാല്‍ ഈ പ്രഖ്യാപനത്തിനെതിരെ വിമര്‍ശനവുമായി നിരവധി കലാകാരന്മാര്‍ രംഗത്തെത്തിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള വളര്‍ന്നുവരുന്ന പ്രതിഭകളിലും യുഎസിലെ പ്രാദേശിക സംഗീത മേഖലയിലും സമ്പദ്‌വ്യവസ്ഥയിലും ഇത് വിനാശകരമായി പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് കലാകാരന്മാരും അഡ്വക്കസി ഗ്രൂപ്പുകളും കുറ്റപ്പെടുത്തുന്നു. പ്രഖ്യാപനം ആശങ്കയുണ്ടാക്കുന്നതാണന്നും ഇവര്‍ ചൂണ്ടിക്കാട്ടി. 

ഏപ്രില്‍ 1 ന് മുമ്പ് കലാകാരന്മാര്‍ക്ക് വിസ പേപ്പര്‍വര്‍ക്ക് ഫയല്‍ ചെയ്യുന്നതിനുള്ള അപേക്ഷയ്ക്ക് 460 ഡോളറായിരുന്നു ഫീസ്. എന്നാല്‍ പുതിയ തീരുമാനം നിലവില്‍ വന്നതോടെ ഫീസ് 1615 ഡോളര്‍ മുതല്‍ 16,55 ഡോളര്‍ വരെ ഉയര്‍ന്നിട്ടുണ്ട്. നാല് അംഗങ്ങളുള്ള ഒരു സാധാരണ റോക്ക് ബാന്‍ഡിന് 1,840 ഡോളര്‍ മുതല്‍ 6,460 ഡോളര്‍ വരെയാണ് നിരക്ക്. കാലതാമസം കുറച്ച് വേഗത്തിലുള്ള വിസ പ്രോസസിംഗിനായി ഓരോ ആപ്ലിക്കേഷനും 2,805 ഡോളര്‍ കൂടി നല്‍കേണ്ടതുണ്ട്. 

അപേക്ഷ സ്വീകരിക്കുന്നില്ലെങ്കില്‍ ആ പണം തിരികെ ലഭിക്കില്ല. റദ്ദാക്കിയ ടൂര്‍ മൂലമുള്ള നഷ്ടവും കലാകാരന്മാര്‍ സഹിക്കേണ്ടി വരുമെന്ന് ദി ആര്‍ട്ടിസ്റ്റ് റൈറ്റ്‌സ് അലയന്‍സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ജെന്‍ ജേക്കബ്‌സെന്‍ പറഞ്ഞു. ഒരു സംഗീതജ്ഞന് സപ്പോര്‍ട്ട് സ്റ്റാഫുകളെയോ ഒരു ബാക്കിംഗ് ബാന്‍ഡിനെയോ മറ്റ് ജീവനക്കാരെയോ ടൂറില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഓരോ വ്യക്തികള്‍ക്കും വിസ ആവശ്യമാണ്. 

വിസ ഫീസ് കുത്തനെ വര്‍ധിപ്പിച്ചത് അന്താരാഷ്ട്ര സംഗീത മേഖലയ്ക്ക് തന്നെ തിരിച്ചടിയായി മാറിയിരിക്കുകയാണെന്ന് സംഗീതജ്ഞര്‍ പറയുന്നു. ബ്രെക്‌സിറ്റിന് ശേഷം യുകെയില്‍ സംഗീത പര്യടനത്തിനായി പോകുന്നത് കൂടുതല്‍ സങ്കീര്‍ണമാണ്. എന്നാല്‍ ഇപ്പോള്‍ അമേരിക്കയിലും വിസ നടപടികള്‍ സങ്കീര്‍ണമായിരിക്കുകയാണെന്ന് സെവന്‍പീസ് വെല്‍ഷ് ബാന്‍ഡായ ലോസ് കാംപെസിനോസിന്റെ ഗായകന്‍ ഗാരെത് പൈസേ പറയുന്നു. പേപ്പര്‍ വര്‍ക്കിന്റെ കാര്യത്തിലും സംഗീതത്തെ മുന്നോട്ട് കൊണ്ടുപോകുന്ന കാര്യത്തിലും ഇരുരാജ്യങ്ങളിലും കലാകാരന്മാര്‍ക്ക് ആശങ്കയാണ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.