എയര്‍ലൈന്‍ കാറ്ററിംഗ് ജീവനക്കാരുടെ സമരം: ടൊറന്റോ പിയേഴ്‌സണ്‍ വിമാനത്താവളത്തിലെ യാത്രക്കാരെ സാരമായി ബാധിച്ചു 

By: 600002 On: Apr 17, 2024, 10:17 AM

 

 

ടൊറന്റോ പിയേഴ്‌സണ്‍ എയര്‍പോര്‍ട്ടില്‍ ഗേറ്റ് ഗൗര്‍മെറ്റ് എയര്‍ലൈന്‍ സര്‍വീസ് കമ്പനിയിലെ കാറ്ററിംഗ് ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചതോടെ ബുദ്ധിമുട്ടിലായിരിക്കുകയാണ് വിമാനയാത്രക്കാര്‍. എയര്‍പോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയിലെ 800 ലധികം തൊഴിലാളികളില്‍ 90 ശതമാനവും പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തതായി ടീംസ്‌റ്റേഴ്‌സ് ലോക്കല്‍ യൂണിയന്‍ അറിയിച്ചതിന് പിന്നാലെ ചൊവ്വാഴ്ച സമരം ആരംഭിക്കുകയായിരുന്നു. തിങ്കളാള്ച രാത്രി 96 ശതമാനം തൊഴിലാളികളും കമ്പനിയുടെ അന്തിമ ഓഫര്‍ നിരസിച്ചു. തുടര്‍ന്ന് പണിമുടക്ക് 12.01 am  ന് ആരംഭിച്ചു. 

വിമാനത്തിനുള്ളിലെ ഭക്ഷണം, സ്‌നാക്‌സ്, പാനീയങ്ങള്‍, മറ്റ് സാധനങ്ങള്‍ എന്നിവ പാചകം ചെയ്യുക, പാക്ക് ചെയ്യുക, വിതരണം ചെയ്യുക എന്നിവയാണ് ജീവനക്കാര്‍ ചെയ്യുന്നത്. സമരം ആരംഭിച്ചതോടെ വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സേവനങ്ങള്‍ കൃത്യമായി ലഭിക്കാതെ വരുന്നുണ്ട്. ഇത് പലരെയും ബുദ്ധിമുട്ടിലാഴ്ത്തുന്നുണ്ട്. തൊഴില്‍ തര്‍ക്കം എയര്‍ലൈനുകളെ വിനാശകരമായി ബാധിക്കും. പിയേഴ്‌സണില്‍ നിന്നും പോകുന്ന യാത്രക്കാര്‍ക്ക് ഭക്ഷണം ലഭിക്കാതെ വരുന്ന അവസ്ഥയുണ്ടാകുമെന്ന് എയര്‍ലൈനുകള്‍ പറഞ്ഞു. യാത്രക്കാര്‍ക്ക് അറിയിപ്പും നല്‍കിയിട്ടുണ്ട്. എയര്‍ കാനഡ, വെസ്റ്റ് ജെറ്റ്, യുണൈറ്റഡ് എയര്‍ലൈന്‍സ്, ഡെല്‍റ്റ എയര്‍ലൈന്‍സ്, ടിഎപി എയര്‍ പോര്‍ച്ചുഗല്‍, എയര്‍ ഇന്ത്യ, എയ്റോ മെക്‌സിക്കോ, എസ്എഎസ് സ്‌കാന്‍ഡിനേവിയന്‍ എയര്‍ലൈന്‍സ്, ജെറ്റ്‌ലൈന്‍സ് തുടങ്ങിയ വിമാനക്കമ്പനികളെ പണിമുടക്ക് ബാധിച്ചിട്ടുണ്ട്.