ഒരുകോടിയിലധികം പൂച്ചയും നായയും ടിവിക്ക് അടിമകൾ; പുതിയ പഠനം പറയുന്നത്

By: 600007 On: Apr 17, 2024, 9:09 AM

 

വളർത്തുമൃ​ഗങ്ങളെ ഇന്ന് പലരും മക്കളായിട്ടാണ് കണക്കാക്കുന്നത്. അതിനാൽ തന്നെ അവയോടുള്ള പെരുമാറ്റവും മനുഷ്യരോടുള്ള പെരുമാറ്റം പോലെ തന്നെ ആയിട്ടുണ്ട്. ‘പെറ്റ് പാരന്റിം​ഗ്’ എന്ന വാക്ക് ഇന്ന് ലോകത്തിന് പരിചിതമായിക്കഴിഞ്ഞു. എന്തായാലും, ഇതുപോലെ വളർത്തുന്ന മൃ​ഗങ്ങൾ മനുഷ്യരുടെ പല സ്വഭാവങ്ങളും പഠിക്കുന്നുണ്ടത്രെ. പുതിയ ഒരു പഠനം പറയുന്നത് നമ്മുടെ പെറ്റുകളിൽ വലിയൊരു ശതമാനവും ടെലിവിഷന് അടിമയാണ് എന്നാണ്.

Gogglebox പെറ്റ്സ് എന്നാണ് ഇവ അറിയപ്പെടുന്നത്. അടുത്തിടെ, യുകെയിലെ വോർസെസ്റ്റർ ബോഷ് (Worcester Bosch) ഒരു പഠനം നടത്തി. ഏകദേശം 2,000 വളർത്തുമൃഗങ്ങളുടെ ഉടമകളിലായിരുന്നു പഠനം. അതിൽ, വളർത്തുമൃ​ഗങ്ങളുടെ ഉടമകൾ പറയുന്നത്, തങ്ങൾ വീട്ടിൽ നിന്നും ഇറങ്ങുന്നതിന് തൊട്ടുമുമ്പ് പെറ്റുകൾക്ക് വേണ്ടി ടിവി ഓണാക്കി വയ്ക്കാറുണ്ട് എന്നാണ്. അതുപോലെ പല പെറ്റ് പാരന്റ്സും തങ്ങളുടെ ഇഷ്ടപ്പെട്ട ടിവി പ്രോ​ഗ്രാം കാണുമ്പോൾ തങ്ങളുടെ വളർത്തുമൃ​ഗങ്ങളെയും ഒപ്പം കൂട്ടാറുണ്ട് എന്ന് പറയുന്നു.

അതോടെ നായകളും പൂച്ചകളും ടിവിക്ക് അടിമകളായി എന്നും പഠനം പറയുന്നു. 1.2 കോടി വളർത്തു നായ്ക്കളും 1.1 കോടി വളർത്തു പൂച്ചകളും ടിവിക്ക് അടിമപ്പെട്ടതായിട്ടാണ് പഠനത്തിൽ കണ്ടെത്തിയത്. സർവേയിൽ 28 ശതമാനം ഉടമകളും വീട്ടിൽ നിന്നിറങ്ങുമ്പോൾ പെറ്റുകൾക്ക് വേണ്ടി ടിവി ഓൺ ചെയ്ത് വയ്ക്കാറുണ്ട് എന്നും കണ്ടെത്തി. 36 ശതമാനം പേർ പറഞ്ഞത് തങ്ങളുടെ സിസിടിവി പരിശോധിക്കുമ്പോൾ പെറ്റുകൾ ടിവി കണ്ടുകൊണ്ടിരിക്കുന്നതായി കാണപ്പെട്ടു എന്നാണ്.