കാര്‍ ഇന്‍ഷുറന്‍സ് നിരക്കില്‍ പണം ലാഭിക്കാന്‍ പുതിയ ഉപകരണം അവതരിപ്പിച്ച് എഎംഎ

By: 600002 On: Apr 17, 2024, 8:43 AM

 


കൂടിയ കാര്‍ ഇന്‍ഷുറന്‍സ് നിരക്കില്‍ പണം ലാഭിക്കാന്‍ പുതിയ ഉപകരണം അവതരിപ്പിച്ച് ആല്‍ബെര്‍ട്ട മോട്ടോര്‍ അസോസിയേഷന്‍(AMA).  പ്രവിശ്യയിലെ ആദ്യ പേ-യൂ-ഗോ ഓട്ടോ ഇന്‍ഷുറന്‍സാണിതെന്ന് അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആളുകളുടെ പ്രീമിയത്തില്‍ നിന്ന് ഇത് വഴി 40 ശതമാനം ലാഭിച്ചതായി എഎംഎ അവകാശപ്പെടുന്നു. എഎംഎ മൈപേസ്( AMA My Pace) എന്നത് ദൂര അധിഷ്ഠിത ഇന്‍ഷുറന്‍സ് സംവിധാനമാണ്. കാര്‍ മോഷണം തുടങ്ങിയവയ്ക്ക് നിശ്ചിത ഫീസിനൊപ്പം പോളിസി ഉടമകള്‍ അവരുടെ വാഹനം ഓടിക്കുന്ന കിലോമീറ്ററിന് മാത്രമേ പണം നല്‍കേണ്ടതുള്ളൂവെന്ന് അസോസിയേഷന്‍ പറയുന്നു. 

ആല്‍ബെര്‍ട്ട മോട്ടോര്‍ അസോസിയേഷന്റെ അനുബന്ധ സ്ഥാപനമായി പ്രവര്‍ത്തിക്കുന്ന ആല്‍ബെര്‍ട്ട മോട്ടോര്‍ അസോസിയേഷന്‍ ഇന്‍ഷുറന്‍സ് കമ്പനി(AMAIC) വഴിയാണ് സംവിധാനം വാഗ്ദാനം ചെയ്യുന്നത്. പ്രതിവര്‍ഷം 9,000 കിലോമീറ്ററില്‍ താഴെ ഓടുന്ന വാഹനങ്ങള്‍ക്ക് സംവിധാനം കാര്യമായ ലാഭം വാഗ്ദാനം ചെയ്യുമെന്ന് എഎംഎ അവകാശപ്പെടുന്നു. അടുത്തിടെ നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ 60 ശതമാനം പേരും തങ്ങളുടെ വാഹനങ്ങള്‍ പ്രതിവര്‍ഷം 9,000 കിലോമീറ്ററോ അതില്‍ കുറവോ ഓടിക്കുന്നതായി എഎംഎ കണ്ടെത്തിയിരുന്നു. 

വാഹനത്തിലെ ഒരു പോര്‍ട്ടിലേക്ക് എളുപ്പത്തില്‍ പ്ലഗ് ചെയ്യുന്ന ഉപകരണം വഴി ഡ്രൈവിംഗ് ദൂരം രേഖപ്പെടുത്തുന്നു. കൂടാതെ പാര്‍ക്ക് ചെയ്യുമ്പോള്‍ അപകടങ്ങള്‍ കവര്‍ ചെയ്യുന്നതിനുള്ള നിശ്ചിത തുകയും സഹിതം മുന്‍ മാസത്തെ ദൂരത്തെ അടിസ്ഥാനമാക്കി ഉപഭോക്താക്കള്‍ക്ക് പ്രതിമാസം ബില്‍ നല്‍കും. വാഹനത്തിന്റെ സമീപകാല യാത്രകളും പ്രതിമാസ കിലോമീറ്റര്‍ ദൂരവും എഎംഎ മൈപേസ് ആപ്പില്‍ നിന്നും ലഭ്യമാകും.