യുവതിക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം, ക്യാമറയ്‍ക്ക് മുന്നിൽ വസ്ത്രമഴിച്ച് മറുകുകൾ കാണിക്കണമെന്നും തട്ടിപ്പുകാർ

By: 600007 On: Apr 16, 2024, 7:53 AM

 

 

പലവിധ ഓൺലൈൻ തട്ടിപ്പുകൾ നടക്കുന്ന കാലമാണിത്. അതുപോലെ പൂനെയിൽ നിന്നുള്ള ഒരു സ്ത്രീക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം രൂപയാണ്. മാത്രമല്ല, തട്ടിപ്പുകാർക്ക് മുന്നിൽ തന്റെ വസ്ത്രങ്ങളഴിച്ച് തന്റെ ശരീരത്തിലെ ജന്മനാലുള്ള അടയാളങ്ങളും (ബർത്ത്‍മാർക്ക്സ്) യുവതിക്ക് കാണിച്ചു കൊടുക്കേണ്ടി വന്നു. പൂനെയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന 28 -കാരിയായ യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. പിന്നാലെ, വിമന്തൽ പൊലീസ് സ്‌റ്റേഷനിൽ എഫ്‍ഐ‍ആർ രജിസ്റ്റർ ചെയ്തു. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് യുവതിയെ കൊറിയർ സർവീസ് എക്സിക്യൂട്ടീവുകൾ എന്ന് അവകാശപ്പെട്ടുകൊണ്ട് ചിലർ ഫോൺ വിളിച്ചത്. അവൾ തായ്‌വാനിലേക്ക് അയച്ച ഒരു പാഴ്‌സൽ പിടിച്ചെടുത്തുവെന്നും അതിൽ നിന്നും കാലാവധി കഴിഞ്ഞ അഞ്ച് പാസ്‌പോർട്ടുകളും 950 ഗ്രാം മയക്കുമരുന്നും കണ്ടെടുത്തിട്ടുണ്ട് എന്നുമാണ് അവർ അവളോട് പറഞ്ഞത്. 

താൻ പാഴ്‌സലൊന്നും അയച്ചിട്ടില്ലെന്ന് യുവതി ആവർത്തിച്ചു പറഞ്ഞു. എന്നാൽ, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ഉദ്യോഗസ്ഥർ എന്ന വ്യാജേന വീണ്ടും ചിലർ യുവതിയെ വിളിക്കുകയായിരുന്നു. അവളുടെ ബാങ്ക് അക്കൗണ്ടിന് തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്നും അതിലെ ഫണ്ട് ​ഗവൺമെന്റ് ബെനഫിഷ്യറി അക്കൗണ്ടുകളിലേക്ക് മാറ്റേണ്ടിവരുമെന്നുമാണ് അവർ അവളോട് പറഞ്ഞത്. പിന്നീട്, സർക്കാരിന്റെത് എന്ന് പറഞ്ഞുകൊണ്ട് വിവിധ അക്കൗണ്ട് നമ്പറുകളും നൽകി. 

14 ലക്ഷം രൂപ ഇടാനാണ് അവർ യുവതിയോട് പറഞ്ഞത്. യുവതി പണം നൽകുകയും ചെയ്തു. അവിടം കൊണ്ടും തീർന്നില്ല. പൊലീസ് അന്വേഷണത്തിന് എന്നും പറഞ്ഞ് ക്യാമറയ്ക്ക് മുന്നിൽ ന​ഗ്നയായിരിക്കാനും അവളുടെ മറുകുകളും ബർത്ത് മാർക്കുകളും കാണിക്കാനും തട്ടിപ്പുകാർ ആവശ്യപ്പെട്ടു. ഭയന്ന് യുവതി അതും ചെയ്തു. എന്നാൽ, പിന്നെയും പിന്നെയും സംഘം വിളിച്ച് പണം ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. 

ഇതോടെയാണ് യുവതി പൊലീസിനെ സമീപിക്കാൻ തീരുമാനിക്കുന്നത്. ഓൺലൈൻ തട്ടിപ്പിന് പുറമെ യുവതിയെ വസ്ത്രമഴിച്ച് ക്യാമറയ്ക്ക് മുന്നിൽ വരാൻ ആവശ്യപ്പെട്ടതിനാൽ അതിക്രമത്തിനും കേസെടുത്തിട്ടുണ്ട്.