നക്ഷത്രദീപങ്ങൾ പൊലിഞ്ഞു..; കെ ജി ജയന് വിട നൽകി മലയാള സിനിമ

By: 600007 On: Apr 16, 2024, 6:03 AM

 

 

പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന് അദാരാഞ്ജലികൾ അർപ്പിച്ച് മലയാള സിനിമാ ലോകം. മലയാള സിനിമയ്ക്കും ഭക്തി ​ഗാനരം​ഗത്തും ഒഴിച്ചു കൂടാനാകാത്ത കെ ജി ജയനെ, അദ്ദേഹത്തിന്റെ പാട്ടുകളിലൂടെ എന്നും മലയാളികൾ ഓർക്കുമെന്ന് ഓരോരുത്തരും അനുശോചനം അറിയിച്ചുകൊണ്ട് കുറിച്ചു. 

"ശാസ്ത്രീയ സംഗീത രംഗത്ത് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ഭക്തിഗാന ശാഖയിൽ വേറിട്ട സംഭാവനകൾ നൽകുകയും ചെയ്ത മഹാനായ സംഗീതഞ്ജനായിരുന്നു  ശ്രീ കെ ജി ജയൻ.  ഗാനങ്ങളിലെ ഭക്തിയും നൈർമ്മല്യവും, ജീവിതത്തിലും സാംശീകരിച്ച്, സഹോദരസ്നേഹത്തിൽ  നമുക്ക് ഏവർക്കും മാതൃകയായി മാറിയ ആ മഹാകലാകാരന് ആദരാഞ്ജലികൾ", എന്നാണ് അനുശോചനം അറിയിച്ച് മോഹൻലാൽ കുറിച്ചത്. 


"നക്ഷത്രദീപങ്ങൾ....പൊലിഞ്ഞു. മലയാളത്തിന്റെ പാരമ്പര്യമറിഞ്ഞുകൊണ്ട് എത്രയെത്ര പാട്ടുകൾ. ഭക്തിയുടെ സ്നേഹത്തിന്റെ കാരുണ്യത്തിന്റെ നിറകുടം. പ്രിയ സുഹൃത്ത് മനോജിന്റെയും കുടുംബത്തിന്റെയും ഒപ്പം..ആദരാഞ്ജലികൾ", എന്ന് മധുപാലും കുറിച്ചു. "പ്രിയ സുഹൃത്തും സഹപ്രവർത്തകനും സഹോദരനുമായ ശ്രീ മനോജ് കെ ജയന്റെ പിതാവും സംഗീതജ്ഞനുമായ കെ ജി ജയൻ അന്തരിച്ചു. കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുചേരുന്നു. ആദരാഞ്ജലികൾ", എന്നാണ് ദിലീപ് കുറിച്ചത്. 


ഇന്ന് രാവിലെ ആണ് കെ ജി ജയന്റെ വിയോ​ഗ വാർത്ത പുറത്തുവന്നത്. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. നടന്‍ മനോജ് കെ ജയന്‍ അദ്ദേഹത്തിന്റെ മകനാണ്. അറുപത് വർഷത്തോളം നീണ്ട സംഗീത ജീവിതത്തില്‍, ജയ0വിജയ എന്ന പേരിൽ ഇരട്ട സഹോദരനൊപ്പം നിരവധി കച്ചേരികൾ നടത്തിയിരുന്നു. ഈ കൂട്ടുകെട്ട് ഇന്ത്യയൊട്ടാകെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  ‘ശ്രീകോവിൽ നടതുറന്നു’ എന്ന ഗാനം ഇവർ ഈണമിട്ട് പാടിയതാണ്. 'നക്ഷത്രദീപങ്ങൾ തിളങ്ങി...', 'ഹൃദയം ദേവാലയം...' തുടങ്ങിയവ ഇവരുടെ ഹിറ്റ് ​സിനിമാ ​ഗാനങ്ങളാണ്. 2019 ല്‍ രാജ്യം പത്മശ്രീ നല്‍കി കെ ജി ജയനെ ആദരിച്ചിരുന്നു. കേരള സം​ഗീത നാടക അക്കാദമി അവാർഡ്, ഹരിവരാസനം അവാർഡ് എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.