ഫെഡറല്‍ രാഷ്ട്രീയക്കാരുടെ ശമ്പളം വര്‍ധിച്ചു; എന്നാല്‍ ആല്‍ബെര്‍ട്ട പ്രീമിയറിന് വേതന വര്‍ധനയില്ല!

By: 600002 On: Apr 15, 2024, 1:39 PM

 

 

ജീവിതച്ചെലവ് പ്രതിസന്ധിക്കിടയില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉള്‍പ്പെടെയുള്ള ഫെഡറല്‍ രാഷ്ട്രീയ നേതാക്കളുടെ വേതനം ഈയാഴ്ച വര്‍ധിച്ചു. എന്നാല്‍ ആല്‍ബെര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സ്മിത്തിന് ഈ വര്‍ഷം ശമ്പള വര്‍ധനവ് ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ശമ്പള ക്രമീകരണം നിലവില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നാണ് ആല്‍ബെര്‍ട്ട ലെജിസ്ലേച്ചര്‍ വക്താവ് അറിയിക്കുന്നത്. ഡാനിയേല്‍ സ്മിത്തിന്റെ ശമ്പളം 186,000 ഡോളറായി തുടരും. 2024 ല്‍ 213,000 ഡോളര്‍ സമ്പാദിക്കുന്ന കാല്‍ഗറി മേയര്‍ ജ്യോതി ഗോണ്ടെക്കിനേക്കാള്‍ കുറവാണ് സ്മിത്തിന്റെ ശമ്പളം. 

ആല്‍ബെര്‍ട്ട എംഎല്‍എമാരുടെ ശമ്പളവും അതേപടി തുടരും. 120,000 ഡോളറാണ് എഐല്‍മാര്‍ സമ്പാദിക്കുന്നത്. ഇത് കാല്‍ഗറി സിറ്റി കൗണ്‍സിലര്‍മാരുടെ വേതനത്തിന് തുല്യമാണ്. സ്മിത്തിന്റെയും ആല്‍ബെര്‍ട്ട എംഎല്‍എമാരുടെയും നേതൃത്വത്തിന്റെ അടയാളമാണ് ശമ്പള വര്‍ധന സ്വീകരിക്കാത്തതെന്ന് കനേഡിയന്‍ ടാക്‌സ് പെയേഴ്‌സ് ഫെഡറേഷന്‍ ആല്‍ബെര്‍ട്ട ഡയറക്ടര്‍ ക്രിസ് സിംസ് പറയുന്നു. 

ജസ്റ്റിന്‍ ട്രൂഡോയുടെ ശമ്പളം നിലവില്‍ 400,000 ഡോളറിന് മുകളിലാണ്. അതേസമയം, എംപിമാരുടെ വേതനം പ്രതിവര്‍ഷം 200,000 ഡോളറാണ്. ക്യാബിനറ്റ് മന്ത്രിമാരുടെ വേതനം 300,000 ഡോളറാണ്. 

ആല്‍ബെര്‍ട്ടയുടെ പ്രീമിയറുടെയും മറ്റ് രാഷ്ട്രീയക്കാരുടെയും ശമ്പളവിവരങ്ങള്‍ അറിയാന്‍ https://www.assembly.ab.ca/members/related-resources/mla-remuneration/2021-2022-mla-remuneration   എന്ന ലിങ്ക് സന്ദര്‍ശിക്കാം.