കാല്‍ഗറിയിലെ കുടിവെള്ളത്തില്‍ ഫ്‌ളൂറൈഡ് പുന:സ്ഥാപിക്കുന്നതില്‍ കാലതാമസം 

By: 600002 On: Apr 15, 2024, 12:13 PM

 


കാല്‍ഗറിയില്‍ കുടിവെള്ളത്തില്‍ ഫ്‌ളൂറൈഡ് പുന:സ്ഥാപിക്കുന്നതില്‍ കാലതാമസം നേരിടുമെന്ന് അറിയിപ്പ്. ഫ്‌ളൂറൈഡ് പുന:സ്ഥാപിക്കല്‍ സെപ്റ്റംബറില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഗ്ലെന്‍മോര്‍, ബിയര്‍സ്‌പോ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുകളില്‍ അടിസ്ഥാന സൗകര്യ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് 2025 ആദ്യപാദത്തില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിറ്റി അറിയിച്ചു. 

2011 ലാണ് കുടിവള്ളത്തില്‍ നിന്നും ഫ്‌ളൂറൈഡ് നീക്കം ചെയ്തത്. ഫ്‌ളൂറൈഡേഷന്‍ നിര്‍ത്താനുള്ള തീരുമാനത്തെ തുടര്‍ന്ന് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡീകമ്മീഷന്‍ ചെയ്യുകയും നീക്കം ചെയ്യുകയും ചെയ്തതായി സിറ്റി പറഞ്ഞു. 2021 നവംബറില്‍, കാല്‍ഗറിയിലെ കുടിവെള്ളത്തില്‍ മിനറല്‍ ചേര്‍ക്കുന്നതിന് 62 ശതമാനം പിന്തുണ പ്രകടമാക്കിയ ഒരു ജനഹിതപരിശോധനയ്ക്ക് ശേഷം ഫ്‌ളൂറൈഡ് പുനഃസ്ഥാപിക്കുന്നതിന് സിറ്റി കൗണ്‍സില്‍ വോട്ട് ചെയ്തു.

കുറഞ്ഞ അളവിലുള്ള ഫ്‌ളൂറൈഡാണെങ്കിലും പല്ലുകള്‍ക്ക് ബലം നല്‍കാന്‍ ഈ വെള്ളത്തിന് സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. വളരെ ചെറിയ അളവിലുള്ള ഫ്‌ളൂറൈഡ് ആണെങ്കിലും അത് ധാരാളം ആളുകളില്‍ മാറ്റങ്ങളുണ്ടാക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. 

അതേസമയം, കുടിവെള്ളത്തില്‍ ഫ്‌ളൂറൈഡ് പുന:സ്ഥാപിക്കുന്നത് കൂടുതല്‍ സമയമെടുക്കുമെന്ന് മാത്രമല്ല, ആദ്യം പ്രതീക്ഷിച്ചതിലും കൂടുതല്‍ ചെലവേറിയതാക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. രണ്ട് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുകളിലെയും അടിസ്ഥാന സൗകര്യങ്ങളുടെ നടത്തിപ്പ് ചെലവ് 10.1 മില്യണ്‍ ഡോളറില്‍ നിന്ന് 28.1 മില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നാണ് കണക്കുകള്‍.