ലൂസിഫറി'നെ വീഴ്ത്തി, എതിരാളികൾ വന്നിട്ടും വീണില്ല; ആടുജീവിതത്തിലെ 'ഓമനേ..'​ ഗാനം എത്തി

By: 600007 On: Apr 15, 2024, 11:31 AM

 

പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച് വൻ വിജയത്തിലേക്ക് നയിച്ച ബ്ലെസ്സിയുടെ ആടുജീവിതത്തിലെ പുതിയ വീഡിയോ ​ഗാനം പുറത്തിറങ്ങി. 'ഓമനേ' എന്നു തുടങ്ങുന്ന ഗാനം ചിന്മയിയും വിജയ്‌ യേശുദാസും രക്ഷിത സുരേഷും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എആര്‍ റഹ്മാനാണ്. 

നജീബും ഭാര്യയും തമ്മിലുള്ള റൊമാന്‍സ് രംഗങ്ങള്‍ അടങ്ങിയിട്ടുള്ള മനോഹരമായ ഈ ഗാനത്തിന് തീയറ്ററില്‍ വളരെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. മാര്‍ച്ച്‌ 28ന് തിയറ്ററുകളിലെത്തിയ ആടുജീവിതം നൂറുകോടി കളക്ഷനും കടന്ന് മുന്നേറുകയാണ് ഇപ്പോഴും. വിഷു റിലീസുകള്‍ വന്നിട്ടും ആടുജീവിതത്തിന്റെ കളക്ഷന് ഇടിവൊന്നും സംഭവിച്ചിട്ടില്ല. ലൂസിഫറിന്റ ലൈഫ് ടൈം കളക്ഷനും(128) ഇതിനോടകം ചിത്രം മറികടന്നു കഴിഞ്ഞു. 

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസ്സി ഒരുക്കിയ ചിത്രത്തില്‍ പൃഥ്വിരാജാണ് കേന്ദ്രകഥാപാത്രമായ നജീബിനെ അവതരിപ്പിച്ചത്. ഇതിനായി നടൻ നടത്തിയ കഠിനാധ്വാനം സിനിമാ പ്രേമികള്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായിരുന്നു. 

ഓസ്‌കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിച്ച ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയി എത്തിയത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.