മോഷ്ടിച്ച വാഹനങ്ങളുടെ കയറ്റുമതി കേന്ദ്രമായി മോണ്‍ട്രിയല്‍ പോര്‍ട്ട് 

By: 600002 On: Apr 15, 2024, 11:09 AM

 

 

കാനഡയിലുടനീളം മോഷ്ടിക്കപ്പെടുന്ന വാഹനങ്ങളുടെ കയറ്റുമതി കേന്ദ്രമായി മാറിയിരിക്കുകയാണ് മോണ്‍ട്രിയല്‍ പോര്‍ട്ട്. കഴിഞ്ഞ ഡിസംബര്‍ പകുതി മുതല്‍ മാര്‍ച്ച് അവസാനം വരെ മോണ്‍ട്രിയല്‍ തുറമുഖത്ത് പോലീസ് 400 ഓളം ഷിപ്പിംഗ് കണ്ടെയ്‌നറുകള്‍ പരിശോധിക്കുകയും 600 ഓളം മോഷ്ടിച്ച വാഹനങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. വാഹനങ്ങളില്‍ മിക്കതും ടൊറന്റോ മേഖലയില്‍ നിന്നായിരുന്നു. കാനഡയിലെ രണ്ടാമത്തെ വലിയ തുറമുഖം മോഷ്ടിച്ച വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന്റെ പ്രധാന ട്രാന്‍സ്‌പോര്‍ട്ട് ഹബ്ബായെന്ന് കാണിച്ചുതരികയായിരുന്നു ഈ ഓപ്പറേഷന്‍. 

തുറമുഖത്തിന്റെ സ്ട്രാറ്റജിക് ലൊക്കേഷനും വലിയ കണ്ടെയ്‌നര്‍ വോളിയവുമാണ് മോഷ്ടിച്ച വാഹനങ്ങള്‍ കൂടുതലായി മോണ്‍ട്രിയലില്‍ നിന്നും കയറ്റുമതി ചെയ്യാന്‍ കാരണമെന്ന് പോലീസ് പറയുന്നു. വാഹനമോഷണം തടയാന്‍ തങ്ങളാല്‍ കഴിയുന്നത് ചെയ്യുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുമ്പോഴും അധികാരപരിധിയിലെ പരിമിതികളും ഉദ്യോഗസ്ഥരുടെ അഭാവവും സംഘടിത കുറ്റകൃത്യങ്ങളും മൂലം വാഹനമോഷണം കാര്യക്ഷമായി തടയാന്‍ സാധിക്കാതെ വരുന്നു. 

ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലേക്ക് റെയില്‍,റോഡ് ലിങ്കുകള്‍ ഉള്ളതിനാല്‍ നിരവധി വാഹനങ്ങള്‍ അനായാസം മോഷ്ടിച്ച് കടത്താന്‍ സാധിക്കുന്നു. മാത്രവുമല്ല, മോണ്‍ട്രിയല്‍ പോര്‍ട്ട് കുറ്റവാളികള്‍ക്കായി സൗകര്യപ്രദമായ രീതിയിലാണ് സ്ഥിതിചെയ്യുന്നതെന്നും അധികൃതര്‍ പറഞ്ഞു. തുറമുഖത്തിലൂടെ കൈമാറ്റം ചെയ്യുന്ന ചരക്കുകള്‍ കൂടുതലായതിനാല്‍ കുറ്റവാളികള്‍ ഇത് ചൂഷണം ചെയ്യുന്നു. 

കഴിഞ്ഞ വര്‍ഷം, കാനഡയുടെ നിയമപരമായ വാഹന കയറ്റുമതിയുടെ 70 ശതമാനവും ഉള്‍പ്പെടെ 1.7 ദശലക്ഷം കണ്ടെയ്നറുകള്‍ മോണ്‍ട്രിയല്‍ തുറമുഖം വഴി കടത്തിവിട്ടതായി പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കുന്നു. ഇക്കൂട്ടത്തില്‍ കാര്‍ മോഷ്ടാക്കള്‍ക്ക് മോഷ്ടിച്ച വാഹനങ്ങള്‍ എളുപ്പത്തില്‍ കയറ്റിവിടാന്‍ സാധിക്കുന്നു. പോലീസുമായും ബോര്‍ഡര്‍ സര്‍വീസുമായും അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മോണ്‍ട്രിയല്‍ പോര്‍ട്ട് അതോറിറ്റി പറയുന്നു. എന്നാല്‍ കണ്ടെയ്‌നറുകള്‍ ഒരാളുടെ ജീവന്‍ രക്ഷിക്കാനോ പരിസ്ഥിതി നാശം തടയാനോ മാത്രമേ തുറക്കാന്‍ തുറമുഖ ഉദ്യോദസ്ഥര്‍ക്ക് കഴിയൂ എന്നത് മോഷ്ടിച്ച വാഹനങ്ങള്‍ കടത്തുന്നതിന് സൗകര്യപ്രദമാകുന്നുവെന്ന് പോര്‍ട്ട് വക്താവ് ലാറൂഷ് പറഞ്ഞു. 

വിവിധ ഏജന്‍സികളില്‍ നിന്നുള്ള 800 ലധികം പോലിസ് ഉദ്യോഗസ്ഥര്‍ക്ക് തുറമുഖത്തേക്ക് പ്രവേശിക്കാന്‍ ആക്‌സസ് കാര്‍ഡുകളുണ്ടെന്നും അവര്‍ക്ക് വാറന്റ് ഉണ്ടെങ്കില്‍ കണ്ടെയ്‌നറുകള്‍ തുറക്കാമെന്നും ലാറൂഷ് പറഞ്ഞു. എങ്കിലും പോര്‍ട്ടിന്റെ കസ്റ്റംസ് നിയന്ത്രിത പ്രദേശങ്ങളില്‍ ബോര്‍ഡര്‍ ഓഫീസര്‍മാര്‍ക്ക് മാത്രമേ വാറന്റുകളില്ലാതെ കണ്ടെയ്‌നറുകള്‍ തുറക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.