പ്രൊവിന്‍ഷ്യല്‍ ഹെല്‍ത്ത് ഡെലിവറി സിസ്റ്റം പരിഷ്‌കരിക്കാനൊരുങ്ങി ആല്‍ബെര്‍ട്ട സര്‍ക്കാര്‍ 

By: 600002 On: Apr 15, 2024, 10:15 AM

 


ആല്‍ബെര്‍ട്ടയുടെ ഹെല്‍ത്ത് ഡെലിവറി സിസ്റ്റം പുന:ക്രമീകരിക്കുന്നതിനുള്ള ആദ്യഘട്ട നടപടികള്‍ ഫാള്‍ സീസണില്‍ ആരംഭിക്കുമെന്ന് പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് അറിയിച്ചു. വൈകാതെ ഇത് നടപ്പാക്കുമെന്ന് ആല്‍ബെര്‍ട്ട മുനിസിപ്പാലിറ്റി കണ്‍വെന്‍ഷനില്‍ മേയര്‍മാര്‍, കൗണ്‍സിലര്‍മാര്‍, മറ്റ് പ്രാദേശിക നേതാക്കള്‍ എന്നിവരോടായി പറഞ്ഞു. ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് എങ്ങനെ വികേന്ദ്രീകരിക്കാമെന്നതിനെക്കുറിച്ച് ആരോഗ്യമന്ത്രി അഡ്രിയാന ലാഗ്രാഞ്ച് തന്റെ നിര്‍ദ്ദേശം ബുധനാഴ്ച ക്യാബിനറ്റില്‍ അവതരിപ്പിക്കുമെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു. 

പ്രാദേശിക ആവശ്യങ്ങളോട് കൂടുതല്‍ പ്രതികരിക്കേണ്ടതും നേരിട്ടുള്ള ആശുപത്രി പരിചരണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതും അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസിന്റെ ഘടന നവീകരിക്കാന്‍ സ്മിത്ത് ലാഗ്രാഞ്ചിനോട് നിര്‍ദ്ദേശിച്ചത്. മിഡ്‌വൈഫറി, പ്രൈമറി കെയര്‍ സ്റ്റാഫിഗ്, തുടര്‍ പരിചരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ചുമതല എഎച്ച്എസിന് ആവശ്യമുണ്ടോയെന്ന കാര്യം സംബന്ധിച്ച് മന്ത്രി പരിശോധിക്കുമെന്ന് സ്മിത്ത് പറഞ്ഞു. എഎച്ച്എസിന്റെ രൂപീകരണത്തിനായി ആല്‍ബെര്‍ട്ട 15 വര്‍ഷം മുമ്പാണ് ഹെല്‍ത്ത് സിസ്റ്റം കേന്ദ്രീകരിച്ചത്.

കഴിഞ്ഞ വര്‍ഷം എഎച്ച്എസിന്റെ ഗവേണിംഗ് ബോര്‍ഡിനെ പുറത്താക്കുകയും പകരം ഒരു അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുകയും ചെയ്തു. കോവിഡ് പാന്‍ഡെമിക് സമയത്ത് ആശുപത്രികള്‍ രോഗികളാല്‍ നിറഞ്ഞ് പരിതാപകരമായ അവസ്ഥയിലേക്ക് നീങ്ങിയപ്പോള്‍ സ്മിത്ത് ഏജന്‍സിയെ കുറ്റപ്പെടുത്തിയിരുന്നു.