സൗത്ത് വാന്‍കുവറില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് കൊല്ലപ്പെട്ടു 

By: 600002 On: Apr 15, 2024, 9:22 AM

 


സൗത്ത് വാന്‍കുവറില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാന സ്വദേശിയായ 24 കാരന്‍ ചിരാഗ് അന്റില്‍ ആണ് മരിച്ചതെന്ന് വാന്‍കുവര്‍ പോലീസ് സ്ഥിരീകരിച്ചു. ഈസ്റ്റ് 55 അവന്യൂവിനും മെയിന്‍ സ്ട്രീറ്റിനും സമീപം രാത്രി 11 മണിയോടെ വെടിയൊച്ച കേട്ടതായുള്ള പ്രദേശവാസികളുടെ വിവരത്തെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പോലീസാണ് യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

പോലീസ് അന്വേഷണം തുടരുകയാണ്. സംഭവത്തില്‍ ഇതുവരെ അറസ്‌റ്റൊന്നും ഉണ്ടായിട്ടില്ല. കൊലപാതകത്തിന് പിന്നിലെ കാരണവും വ്യക്തമല്ല. മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ തുടരുകയാണ്. ഇതിനായി ചിരാഗിന്റെ കുടുംബം ഗോഫണ്ട്മീ പേജ് വഴി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. 

2022 ലാണ് ചിരാഗ് കാനഡയിലെത്തിയത്. യൂണിവേഴ്‌സിറ്റി കാനഡ വെസ്റ്റില്‍ നിന്ന് അടുത്തിടെയാണ് എംബിഎ പൂര്‍ത്തിയാക്കിയത്.