വ്യാജ സ്വര്‍ണം വില്‍പ്പനയ്ക്ക് വെച്ച് തട്ടിപ്പ്: പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി റിച്ച്മണ്ട് ആര്‍സിഎംപി 

By: 600002 On: Apr 15, 2024, 9:03 AM

 


സിറ്റിയില്‍ വ്യാജ സ്വര്‍ണം ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി റിച്ച്മണ്ട് ആര്‍സിഎംപി. തങ്ങളുടെ അധികാരപരിധിയില്‍ വ്യാജ സ്വര്‍ണവും ആഭരണങ്ങളും വില്‍ക്കുന്ന തട്ടിപ്പുകാരെക്കുറിച്ച് അടുത്തിടെ നാല് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി റിച്ച്മണ്ട് ആര്‍സിഎംപി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം നല്‍കാമെന്ന് ജനങ്ങളെ പ്രേരിപ്പിച്ച് വ്യാജ സ്വര്‍ണം ആളുകളെ കൊണ്ട് വാങ്ങിപ്പിക്കുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നതെന്ന് പോലീസ് പറയുന്നു. ശുദ്ധമായ സ്വര്‍ണമാണെന്ന് വിശ്വസിച്ച് വാങ്ങിക്കുന്ന ആളുകള്‍ പിന്നീടാണ് തങ്ങള്‍ തട്ടിപ്പിനിരയായെന്ന് തിരിച്ചറിയുന്നത്. മറ്റൊരു രീതിയിലും ഇവര്‍ തട്ടിപ്പ് നടത്തുന്നുണ്ട്. ഇര ധരിച്ചിരിക്കുന്ന ആഭരണങ്ങള്‍ക്കൊപ്പം വ്യാജ സ്വര്‍ണം ധരിപ്പിക്കുന്നു. തുടര്‍ന്ന് അത് ഊരിമാറ്റുമ്പോള്‍ ഇരയുടെ സ്വര്‍ണവും ഇതിനൊപ്പം മോഷ്ടിക്കുന്നു. 

തങ്ങളുടെ ഉപജീവനമാര്‍ഗമാണിതെന്നും കുടുംബം പോറ്റാന്‍ പണം തേടുകയാണെന്നും തട്ടിപ്പുകാര്‍ ആളുകളെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നു. വിശ്വാസ്യത വരുത്താന്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബത്തെയും ഇവര്‍ ഒപ്പം കൂട്ടുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു. സംശയാസ്പദമായി ഇത്തരത്തില്‍ ആളുകള്‍ വന്നാല്‍ അവരുമായി സംസാരിക്കരുതെന്നും അവരുടെ സംസാരത്തില്‍ വീഴരുതെന്നും സ്വര്‍ണം വാങ്ങാന്‍ പ്രരിപ്പിച്ചാല്‍ വാങ്ങരുതെന്നും പോലീസ് അറിയിച്ചു. സംഭവം ലോക്കല്‍ പോലീസിനെ അറിയിക്കണമെന്നും പോലീസ് അറിയിച്ചു.