ഇറാൻ-ഇസ്രയേൽ സംഘര്‍ഷ സാഹചര്യം ച‍ര്‍ച്ച ചെയ്ത് ജി ഏഴ് രാജ്യങ്ങൾ

By: 600007 On: Apr 15, 2024, 4:45 AM

 

ദില്ലി: ഇറാൻ-ഇസ്രയേൽ സംഘർഷ സാഹചര്യം ചർച്ച ചെയ്യാൻ ജി ഏഴ് രാജ്യങ്ങൾ യോഗം ചേർന്നു. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനാണ് ജി ഏഴ് രാജ്യ തലവൻന്മാരുടെ യോഗം വിളിച്ചു ചേർത്തത്. മേഖലയിലെ സ്ഥിതി ശാന്തമാക്കുന്നതിനും സംഘർഷം രൂക്ഷമാകാതിരിക്കാനുമുള്ള കൂട്ടായ നടപടികൾ തുടരുമെന്ന് ജോ ബൈഡൻ എക്സിൽ പ്രതികരിച്ചു. യുഎൻ സുരക്ഷാ സമിതിയും വിഷയം ചർച്ച ചെയ്യുകയാണ്. ഇറാനും ഇസ്രയേലും സംയമനം പാലിക്കണമെന്ന് വിവിധ രാജ്യങ്ങൾ ആവശ്യപ്പെട്ടു. അതേ സമയം ഇസ്രയേലിന്റെ തിരിച്ചടി മുന്നിൽ കണ്ട് ഇറാൻ അതീവ ജാഗ്രതയിലാണ്.

ഇറാൻ-ഇസ്രയേൽ സംഘർഷ സാഹചര്യത്തിനിടെ മേഖലയിലെ സ്ഥിതിഗതികൾ ഖത്തറും യുഎഇയും ചർച്ച ചെയ്തു. സംഘർഷം വ്യാപിക്കാതെ തടയേണ്ടത് അനിവാര്യമാണെന്ന് ഖത്തർ അമീറും യുഎഇ പ്രസിഡന്റും നടത്തിയ ടെലിഫോൺ ചർച്ചയിൽ വിലയിരുത്തി. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിലാണ് ചർച്ച നടത്തിയത്. മേഖലയിലെ സാഹചര്യം ഇരുവരും വിലയിരുത്തി. ഗാസയിൽ വെടിനി‍ർത്തലും ശാശ്വത പരിഹാരവും അനിവാര്യമാണെന്നും നേതാക്കൾ  നിലപാടെടുത്തു. മേഖലയുടെ സമാധാന അന്തരീക്ഷത്തിന് ഇത് അനിവാര്യമാണെന്നും വിലയിരുത്തി.