ഇൻസ്റ്റയിലും ഇനി ജനറേറ്റീവ് എഐ എഫക്ട്, മാറ്റത്തിനൊരുങ്ങി മെറ്റ

By: 600007 On: Apr 15, 2024, 4:39 AM

 

ജനറേറ്റീവ് എഐയെ കൂടുതൽ പ്രയോജനപ്പെടടുത്താനൊരുങ്ങി മാർക്ക് സക്കർബർഗിന്റെ മെറ്റ. ഇൻസ്റ്റഗ്രാമിൽ കണ്ടന്റ് റെക്കമന്റേഷന് വേണ്ടിയാണ് ജനറേറ്റീവ് എഐ മെറ്റ ഉപയോഗിക്കുന്നത്. നേരത്തെ കമ്പനി വാട്ട്സാപ്പിൽ എഐ ചാറ്റ് ബോട്ട്
അവതരിപ്പിക്കാനൊരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇൻസ്റ്റാഗ്രാമിന്റെ സെർച്ച് ഫീച്ചറിൽ നേരിട്ട് ജനറേറ്റീവ് എഐ കമ്പനി പരീക്ഷിക്കുന്നുണ്ടെന്ന സൂചനകളും പുറത്തുവന്നിരിക്കുന്നത്. ഇൻസ്റ്റാഗ്രാം സെർച്ചിൽ പുതിയ 'ചാറ്റ് വിത്ത് എഐ' ഓപ്ഷൻ പോപ്പ് അപ്പ് ആയി വരുന്നു എന്ന് ചില ഉപഭോക്താക്കൾ പറയുന്നുണ്ട്. മെറ്റ എഐയുമായി ചാറ്റ് ചെയ്യാനുള്ള സൗകര്യമാണിത്. എന്നാൽ ഇത് സംബന്ധിച്ച് വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

ഇൻസ്റ്റാഗ്രാമിൽ ഉള്ളടക്കങ്ങളുടെ റെക്കമെന്റേഷനുകൾ കാണിക്കുന്നതിനും ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താനുമാണ് പ്രധാനമായും ചാറ്റ്ബോട്ട് ഉപയോഗിക്കുന്നത്. ഏതു തരം ഉള്ളടക്കങ്ങളാണ് ആവശ്യമെന്നത് സംബന്ധിച്ച വിവരങ്ങളടങ്ങിയ  പ്രോംറ്റുകൾക്ക് മറുപടിയായി അതിനനുസരിച്ചുള്ളവ ഇൻസ്റ്റാഗ്രാം കാണിക്കും. ചില പ്രത്യേക വിഷയങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ കാണിക്കാനും എഐ ചാറ്റ്‌ബോട്ടിനോട് ആവശ്യപ്പെടാനാകും. ഇൻസ്റ്റാഗ്രാമിന്റെ കണ്ടന്റ് റെക്കമെന്റേഷൻ അൽഗൊരിതം മോശമാണെന്ന വിമർശനം നേരത്തെയുണ്ട്. ജനറേറ്റീവ് എഐയുടെ പ്രയോജനപ്പെടുത്തി ഇൻസ്റ്റാഗ്രാമിന് ഉപഭോക്താക്കളുടെ താൽപര്യങ്ങൾ മനസിലാക്കാനും അതിനനുസരിച്ച് ഉള്ളടക്കങ്ങൾ നിർദേശിക്കാനും സാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.