കനേഡിയന്‍ ഭവന പ്രതിസന്ധി: പരിഹാരത്തിന് പദ്ധതി അവതരിപ്പിച്ച് ഫെഡറല്‍ സര്‍ക്കാര്‍ 

By: 600002 On: Apr 13, 2024, 5:54 PM

 

 


ഭവന പ്രതിസന്ധി പരിഹരിക്കാനുള്ള പദ്ധതി അവതരിപ്പിച്ച് ഫെഡറല്‍ സര്‍ക്കാര്‍. കാനഡയില്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സമഗ്രമായ ഭവന പദ്ധതിയാണ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഒന്റാരിയോയിലെ വോണില്‍ പ്രഖ്യാപിച്ചു. വാടകക്കാര്‍ക്കുള്ള ഭവന നിര്‍മാണം ഉള്‍പ്പെടെയുള്ള പദ്ധതിയാണിത്. 2031 ഓടെ ഏകദേശം 3.9 മില്യണ്‍ വീടുകള്‍ എന്ന ലക്ഷ്യമാണ് തങ്ങള്‍ക്കുള്ളതെന്ന് ട്രൂഡോ വ്യക്തമാക്കി. ഭവന വിടവ് നികത്താന്‍ കാനഡയ്ക്ക് 2030 ഓടെ 3.1 മില്യണ്‍ വീടുകള്‍ നിര്‍മിക്കേണ്ടി വരുമെന്ന് പാര്‍ലമെന്ററി ബജറ്റ് ഓഫീസര്‍ വ്യാഴാഴ്ച റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രൂഡോയുടെ പ്രഖ്യാപനം വരുന്നത്. 

പദ്ധതി സംബന്ധിച്ച് പ്രൊവിന്‍സുകള്‍, ടെറിറ്ററികള്‍, മുനിസിപ്പാലിറ്റികള്‍ എന്നിവയ്ക്ക് ഫെഡറല്‍ സര്‍ക്കാര്‍ സന്ദേശം അയയ്ക്കുന്നുണ്ട്. പ്രവര്‍ത്തനത്തിനുള്ള ആഹ്വാനം എന്ന് പദ്ധതിയെ പ്രവിശ്യകളും വിശേഷിപ്പിക്കുന്നു. 

കനേഡിയന്‍ പൗരന്മാര്‍ അഭിമുഖീകരിക്കുന്ന അഫോര്‍ഡബിളിറ്റി വെല്ലുവിളികള്‍ നേരിടാന്‍ ലിബറലുകളുടെ പദ്ധതി വാഗ്ദാനം ചെയ്യുന്നു. വീടിന്റെ ഉടമസ്ഥാവകാശം, കുതിച്ചുയരുന്ന വാടക, ഭവന രഹിതര്‍ക്കുള്ള വീടുകളുടെ ചെലവ്, ഭവന ക്ഷാമം തുടങ്ങിയ വെല്ലുവിളികളാണ് രാജ്യം നേരിടുന്നത്. 

ലിബറല്‍ ഹൗസിംഗ് പ്ലാനിനെ കനേഡിയന്‍ ഹോം ബില്‍ഡേഴ്‌സ് അസോസിയേഷന്‍ സ്വാഗതം ചെയ്തു. ഹൗസിംഗ് അഫോര്‍ഡബിളിറ്റിയെ അഭിസംബോധന ചെയ്യുന്നതിനുള്ള സമഗ്രമായ സമീപനത്തിന് ഈ പദ്ധതി വഴിയൊരുക്കുന്നുവെന്ന് അസോസിയേഷന്‍ പ്രതികരിച്ചു.