വര്‍ഷാവസാനത്തോടെ കാനഡയില്‍ ഭവന വില ഏകദേശം 10 ശതമാനം ഉയരുമെന്ന് റോയല്‍ ലെ പേജ് പ്രവചനം 

By: 600002 On: Apr 13, 2024, 12:06 PM

 


ഈ വര്‍ഷാവസാനത്തോടെ കാനഡയിലെ വീടുകളുടെ വില മുന്‍വര്‍ഷത്തേക്കാള്‍ ഏകദേശം 10 ശതമാനം വര്‍ധിക്കുമെന്ന് പ്രവചിച്ച് റിയല്‍റ്റി സ്ഥാപനമായ റോയല്‍ ലെ പേജ്. 2023 അവസാനത്തെ അപേക്ഷിച്ച് ഈ വര്‍ഷം നാലാം പാദത്തില്‍ കനേഡിയന്‍ വീടുകളുടെ വില ഒമ്പത് ശതമാനം ഉയരുമെന്ന് റോയല്‍ ലെ പേജ് പ്രവചനത്തില്‍ വ്യക്തമാക്കുന്നു. രാജ്യത്തുടനീളം അനുഭവപ്പെടുന്ന ഭവനങ്ങളുടെ കടുത്ത ക്ഷാമം, ബാങ്ക് ഓഫ് കാനഡ പ്രധാന പലിശ നിരക്ക് കുറച്ചാല്‍ വിപണിയില്‍ പ്രവേശിക്കാന്‍ കഴിയുന്ന ഭവനം വാങ്ങുന്നവരില്‍ നിന്നുള്ള ഉയര്‍ന്ന ഡിമാന്‍ഡ് എന്നിവയാണ് ഭവന വില വര്‍ധിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് അഞ്ച് ശതമാനമായി തന്നെ നിലനിര്‍ത്തിയിരിക്കുകയാണ്. 

പലിശ നിരക്കിലെ കുറവ്, അത് നിരക്ക് കുറഞ്ഞ മോര്‍ഗേജുകളായി വിവര്‍ത്തനം ചെയ്യപ്പെടും. ഇതോടെ വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിപ്പിക്കുകയും വിലകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് റോയല്‍ ലെ പേജ് സിഇഒ ഫിലിപ്പ് സോപ്പര്‍ പറയുന്നു. 

അതേസമയം, ഈ വര്‍ഷവും അടുത്ത വര്‍ഷവും ഭവന വിപണിയെ സ്വാധീനിക്കുന്ന പ്രധാന ഘടകമായി പലിശ നിരക്ക് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി കനേഡിയന്‍ റിയല്‍ എസ്റ്റേറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. ഭവന വില്‍പ്പന മുന്‍ മാസത്തേക്കാള്‍ മാര്‍ച്ച് മാസത്തില്‍ 0.5 ശതമാനം ഉയര്‍ന്നതായി അസോസിയേഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.