ആല്‍ബെര്‍ട്ട ഹെല്‍ത്ത് ഫെസിലിറ്റി പാര്‍ക്കിംഗ് ഫീസ് വര്‍ധിപ്പിച്ചു; പെറ്റീഷന്‍ സമര്‍പ്പിക്കാനൊരുങ്ങി ആരോഗ്യ പ്രവര്‍ത്തകര്‍ 

By: 600002 On: Apr 13, 2024, 11:32 AM

 

 

ആല്‍ബെര്‍ട്ട ആരോഗ്യ മേഖലയിലെ ജീവനക്കാരെ ഹെല്‍ത്ത് ഫെസിലിറ്റികളിലെ പാര്‍ക്കിംഗ് പേയ്‌മെന്റ് നിയമങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പെറ്റീഷന്‍. അടുത്തിടെയുള്ള സ്റ്റാഫ് പാര്‍ക്കിംഗ് ചെലവ് വര്‍ധിച്ചത് നൂറുകണക്കിന് ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് ജീവനക്കാരെ ബാധിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി ജീവനക്കാര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് പെറ്റീഷന്‍ സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ ജോലി ചെയ്യാന്‍ പ്രതിദിനം 15 ഡോളര്‍ നല്‍കേണ്ട അവസ്ഥയിലാണ് തങ്ങളെന്ന് പെറ്റീഷന് നേതൃത്വം നല്‍കുന്ന നിക്കോള മള്‍ഡര്‍ പറയുന്നു. ജീവനക്കാരില്‍ പലരും ഇതില്‍ സന്തുഷ്ടരല്ലെന്നും അവര്‍ പറഞ്ഞു. ഫൂട്ട്ഹില്‍സ് മെഡിക്കല്‍ സെന്ററില്‍ നഴ്‌സായി ജോലി ചെയ്യുന്നയാണ് മള്‍ഡര്‍. 

പാര്‍ക്കിംഗ് ഫീസ് 3.3 ശതമാനമാണ് വര്‍ധിച്ചത്. ഇത് പലരിലും അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ടെന്നും മള്‍ഡര്‍ പറഞ്ഞു. ജീവന്‍ രക്ഷിക്കാന്‍ ജോലി ചെയ്യുന്ന തങ്ങള്‍ക്ക് പാര്‍ക്കിംഗിന് പണം നല്‍കേണ്ടതില്ലെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. മള്‍ഡറിനെ പോലെയുള്ള പലര്‍ക്കും ട്രാന്‍സിറ്റ് പോലുള്ള ഗതാഗത ബദലുകള്‍ എല്ലായ്‌പ്പോഴും സാധ്യമാകാറില്ല. ഷിഫ്റ്റ് സമയങ്ങളില്‍ കൃത്യമായി ട്രാന്‍സിറ്റ് ഉപയോഗിക്കാന്‍ സാധിക്കാത്തവരാണ് മിക്ക ജീവനക്കാരും. 

അതേസമയം, എഎച്ച്എസിന്റെ തീരുമാനം പൂര്‍ണമായും ബിസിനസ്സില്‍ വേരൂന്നിയതാണെന്നാണ് ആരോഗ്യമന്ത്രിയുടെ അഭിപ്രായം. പണപ്പെരുപ്പം എഎച്ച്എസിനെയും ബാധിക്കുന്നുണ്ട്. അതിനാല്‍ പാര്‍ക്കിംഗ് ഏരിയകള്‍ പരിപാലിക്കുന്നതിലും ആവശ്യമനുസരിച്ച് പുതിയവ നിര്‍മിക്കാനും ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് ആരോഗ്യമന്ത്രി അഡ്രിയാന ലാഗ്രാഞ്ച് പറയുന്നു.