രണ്ട് ഒന്റാരിയോ വെയര്‍ഹൗസുകളിലേക്ക് ജോലി ചെയ്യാന്‍ റോബോട്ടുകളെത്തുന്നു: വാള്‍മാര്‍ട്ട് കാനഡ 

By: 600002 On: Apr 13, 2024, 10:16 AM

 

 

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒന്റാരിയോയിലെ മിസിസാഗയിലും കോണ്‍വാളിലെയും വെയര്‍ഹൗസുകളില്‍ ജോലിക്കായി റോബോട്ടുകളെ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നതായി വാള്‍മാര്‍ട്ട് കാനഡ. കാല്‍ഗറിയില്‍ നേരത്തെ റോബോട്ടുകളെ അവതരിപ്പിച്ചിരുന്നു. ഇത് വിജയം കണ്ടതോടെയാണ് കൂടുതല്‍ സ്ഥലങ്ങളില്‍ റോബോട്ടുകളെ അവതരിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ജോലികള്‍ റോബോട്ടുകള്‍  ചെയ്യുന്നതിനാല്‍ വെയര്‍ഹൗസിലെ ജോലികളെല്ലാം എളുപ്പത്തിലും കൃത്യതയോടെയും പൂര്‍ത്തിയാക്കാന്‍ കഴിയുന്നതായി കമ്പനി അവകാശപ്പെടുന്നു. അതേസമയം, വെയര്‍ഹൗസിലെ മറ്റ് ജീവനക്കാരുടെ ജോലിക്ക് റോബോട്ടുകള്‍ ഭീഷണിയാകില്ലെന്നും ആരെയും പിരിച്ചുവിടില്ലെന്നും കമ്പനി അറിയിച്ചു. 

ട്രെയിലറുകളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വെയര്‍ഹൗസുകളിലേക്കെത്തിക്കാന്‍ എടുക്കുന്ന സമയം റോബോട്ടുകള്‍ വന്നുകഴിഞ്ഞാല്‍ 90 ശതമാനം കുറയ്ക്കാന്‍ സാധിക്കുമെന്നും പറഞ്ഞു. ജോലി സമയത്തെ നിയന്ത്രിക്കുന്ന യൂണിയന്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിധേയമല്ല റോബോട്ടുകള്‍ എന്നത് ഗുണകരമാണ്. റോബോട്ടുകള്‍ വഹിക്കാന്‍ ശേഷിയുള്ള ഭാരം വഹിക്കുകയും ചെയ്യും, പരാതികളോ മറ്റ് പ്രതികരണങ്ങളോ ഉണ്ടാകില്ലെന്നും കമ്പനിയുടെ സപ്ലൈ ചെയിന്‍ വൈസ് പ്രസിഡന്റ് മാറ്റ് കെല്ലി പറയുന്നു. 

മെയിന്റനന്‍സ്, റീചാര്‍ജിംഗ്, അപ്‌ഗ്രേഡ്‌സ് എന്നിവയ്ക്കായി പ്രവര്‍ത്തനരഹിതമാവുമെങ്കിലും ഓവര്‍ടൈം ചെയ്യാന്‍ റോബോട്ടുകള്‍ക്ക് കഴിയും. മാത്രവുമല്ല, ആനുകൂല്യങ്ങള്‍ നല്‍കേണ്ട ആവശ്യമില്ലെന്നും കെല്ലി പറയുന്നു. റോബോട്ടുകള്‍ വരുന്നതോടെ ജീവനക്കാരുടെ ബുദ്ധിമുട്ടുകളും പരുക്കുകളും കുറയാന്‍ സാധ്യതയുണ്ടെന്നും സുരക്ഷ വര്‍ധിപ്പിക്കാന്‍ പ്രയോജനകരമാകുമെന്നും ജീവനക്കാര്‍ പ്രതികരിക്കുന്നു.