ഫെഡറല്‍ സര്‍ക്കാര്‍ ഏകദേശം 300 ഓളം പ്രൊജക്ടുകളിലും സംരംഭങ്ങളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചതായി ഗവേഷണ റിപ്പോര്‍ട്ട്. ടാക്‌സ് കേസുകളുടെ ഫലം പ്രവചിക്കാന്‍ സഹായിക്കുന്നതിനും താല്‍ക്കാലിക വിസ അപേക്ഷകള്‍ ക്രമീകരിക്കുന്നതിനും നിയമനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഉള്‍പ്പെടെ നിരവധി പദ്ധതികളിലാണ് എഐ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച വരെയുള്ള രജിസ്റ്ററിലെ 303 ഓട്ടോമേറ്റഡ് ടൂളുകളില്‍ 95 ശതമാനവും ഫെഡറല്‍ സര്‍ക്കാര്‍ ഏജന്‍സികളാണ് ഉപയോഗിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ലിബറല്‍ സര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡാറ്റ ആക്ടിലെ ഒരു പ്രശ്‌നമാണ് ഡാറ്റ തുറന്നുകാട്ടുന്നതെന്ന് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസര്‍ ജോവാന റെഡന്‍ പറയുന്നു. എഐയെ പ്രത്യേകമായി ലക്ഷ്യമിടുന്ന ആദ്യത്തെ ഫെഡറല്‍ ബില്ലാണിത്.
താല്‍ക്കാലിക റെസിഡന്റ് വിസ അപേക്ഷകള്‍ പരിശോധിക്കുന്നതിനായി ഉദ്യോഗസ്ഥരെ സഹായിക്കുന്നതിന് 2018 മുതല്‍ രണ്ട് പൈലറ്റ് പ്രോജക്ടുകള്‍ എഐ ടൂളുകള്‍ ഉപയോഗിക്കുന്നതായി ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ അറിയിച്ചു. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ആളുകളുടെ സ്റ്റഡി പേര്‍മിറ്റ് അപേക്ഷകള്‍ അവലോകനം ചെയ്യാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് എഐ ഉപയോഗിക്കുന്നുണ്ടെന്നും രജിസ്റ്ററില്‍ പറയുന്നു. എന്നാല്‍ അന്തിമ തീരുമാനത്തിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കാറില്ലെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് വ്യക്തമാക്കി.