സ്നേഹം നിറച്ച 34 കോടി, എങ്ങനെ കൈമാറും? അബ്ദുൾ റഹീമിന്‍റെ മോചനം ഇനിയെങ്ങനെ

By: 600007 On: Apr 13, 2024, 3:59 AM

 

റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിനായി ലോകമാകെയുള്ള മലയാളികളുടെ സ്നേഹം ഒഴുകിയെത്തിയപ്പോൾ മോചനത്തിനായുള്ള ദയാധന സമാഹരണമെന്ന ലക്ഷ്യം യാഥാർഥ്യമായെന്നത് ഏവർക്കും അറിയാം. എന്നാൽ ഇനിയുള്ള നടപടിക്രമങ്ങൾ എങ്ങനെയാകുമെന്നും പണം എങ്ങനെ കൈമാറുമെന്നുമുള്ള കാര്യങ്ങളടക്കം അറിയാൻ ഏവർക്കും വലിയ ആകാംക്ഷയാണ്. 34 കോടിയെന്ന വലിയ പ്രതിസന്ധി മലയാളികളുടെ സ്നേഹത്തിന് മുന്നിൽ വഴിമാറിയപ്പോൾ, ഇനി മോചനം യാഥാർഥ്യമാക്കാനുള്ള കടമ്പകൾ മാത്രമാണ് മുന്നിലുള്ളത്

ഇനി മോചനത്തിനുള്ള ശ്രമമാണ് സൗദിയിൽ നടക്കുക. ഇതിനായി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി കുടുംബത്തിന്റെ വക്കീലുമായുള്ള കൂടിക്കാഴ്ചക്ക് അനുമതി തേടിക്കഴിഞ്ഞു. വൈകാതെ തന്നെ കൂടിക്കാഴ്ച സാധ്യമാകുമെന്നാണ് കരുതുന്നതെന്ന് യൂസഫ് പറഞ്ഞു. കരാർ പ്രകാരമുള്ള തുക സമാഹരിക്കപ്പെട്ടെന്നും എത്രയും വേഗം വധശിക്ഷ റദ്ദ് ചെയ്യാനുള്ള കുടുംബത്തിന്റെ സമ്മതം കോടതിയിൽ അറിയിക്കണമെന്നും ആവശ്യപ്പെടും. ഇന്ത്യൻ എംബസി ഇക്കാര്യം വിശദീകരിച്ച് അറ്റോർണിക്ക് കത്ത് കൈമാറുകയും ചെയ്യും. ദിയ ധനം വാങ്ങി റഹീമിന് മാപ്പ് നൽകിയെന്ന കുടുംബത്തിന്റെ സമ്മതം അറ്റോർണി കോടതിയിൽ അറിയിക്കുന്നതോടെ കോടതി വധ ശിക്ഷ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കും. തുടർന്ന് കീഴ്കോടതിയുടെ ഉത്തരവ് സുപ്രീം കോടതിയിലേക്ക് അയക്കുകയും അത് ശരിവെക്കുകയും വേണം. അതോടെ ആദ്യ കടമ്പ പൂർത്തിയാകും.