'ലൈന്‍ 5 അടയ്ക്കരുത്': കാനഡ-യുഎസ് പൈപ്പ്‌ലൈനില്‍ നിലപാടുമായി ബൈഡന്‍ ഭരണകൂടം 

By: 600002 On: Apr 12, 2024, 6:10 PM

 


എന്‍ബ്രിഡ്ജിന്റെ ലൈന്‍ 5 കാനഡ-യുഎസ് ഓയില്‍ പൈപ്പ്‌ലൈനിന്റെ ഭാഗങ്ങള്‍ അടച്ചുപൂട്ടിയേക്കാവുന്ന ക്രോസ്-ബോര്‍ഡര്‍ നിയമ തര്‍ക്കത്തില്‍ ബൈഡന്‍ ഭരണകൂടം ആദ്യമായി നിലപാടെടുക്കുന്നു. കാനഡയുമായുള്ള നയതന്ത്രബന്ധം സംരക്ഷിക്കുന്നതിനായി പൈപ്പ്‌ലൈന്‍ അടച്ചുപൂട്ടുന്നതിനെതിരെ വാദിക്കുകയാണ്. 1,000 കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള ലൈന്‍ 5, വിസ്‌കോണ്‍സിന്‍, മിഷിഗണ്‍ എന്നിവടങ്ങളിലൂടെ 540,000 ബാരല്‍ ഓയില്‍, നാച്വറല്‍ ഗ്യാസ് ലിക്വിഡ് എന്നിവ ദിനംപ്രതി ഒന്റാരിയോയിലെ റിഫൈനറികളിലേക്ക് കൊണ്ടുപോകുന്നു. 

ഈ നിയമതര്‍ക്കത്തില്‍ യുഎസ് ഗവണ്‍മെന്റ് യഥാര്‍ത്ഥത്തില്‍ കക്ഷിയല്ല. ഇതില്‍ കാല്‍ഗറി ആസ്ഥാനമായുള്ള എന്‍ബ്രിഡ്ജ് ഇന്‍കോര്‍പ്പറേറ്റും വിസ്‌കോണ്‍സിന്‍ ആസ്ഥാനമായുള്ള ബാഡ് റിവര്‍ ബാന്‍ഡ് ഓഫ് ലേക് സുപ്പീരിയര്‍ ചിപ്പ്‌വേയും ഉള്‍പ്പെടുന്നു. 

കഴിഞ്ഞ ഫാള്‍ സീസണില്‍ ലൈന്‍ അടച്ചുപൂട്ടുന്നത് 1977 ലെ കാനഡ-യുഎസ് പൈപ്പ്‌ലൈന്‍ കരാറിനെ ലംഘിക്കുമെന്ന് കനേഡിയന്‍ സര്‍ക്കാര്‍ വാദിച്ചു. ഹൈഡ്രോകാര്‍ബണുകളുടെ ഒഴുക്ക് തടയരുതെന്ന് ഇരുരാജ്യങ്ങളും പരസ്പരം സമ്മതിക്കുകയും ചെയ്തിരുന്നു.