പി പി ചെറിയാന്‍, ഡാളസ്
ലാസ് വെഗാസ്: മുന്‍ ഭാര്യയെയും അവളുടെ സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ഫുട്‌ബോള്‍ സൂപ്പര്‍താരവും ഹോളിവുഡ് നടനുമായ ഒ.ജെ. സിംസണ്‍ അന്തരിച്ചു. ബുധനാഴ്ച രാത്രി ലാസ് വെഗാസില്‍ വെച്ച് സിംപ്സണിന്റെ അറ്റോര്‍ണിയാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. ക്യാന്‍സറുമായി പോരാടിയാണ് അദ്ദേഹം മരിച്ചതെന്നു സിംപ്സന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ വ്യാഴാഴ്ച പോസ്റ്റ് ചെയ്ത ഒരു സന്ദേശത്തില്‍ പറയുന്നു.
1947 ജൂലൈ 9-ന് സാന്‍ഫ്രാന്‍സിസ്‌കോയിലാണ് ഒറെന്തല്‍ ജെയിംസ് സിംപ്‌സണ്‍ ജനിച്ചത്. 2-ാം വയസ്സില്‍ റിക്കറ്റ്‌സ് പിടിപെട്ട അദ്ദേഹം 5 വയസ്സ് വരെ ലെഗ് ബ്രേസ് ധരിക്കാന്‍ നിര്‍ബന്ധിതനായി. എന്നാല്‍, നന്നായി സുഖം പ്രാപിച്ച അദ്ദേഹം എക്കാലത്തെയും ഏറ്റവും പ്രശസ്തമായ ഫുട്‌ബോള്‍ കളിക്കാരില്‍ ഒരാളായി മാറി.
ജേസണ്‍, ആരെന്‍ എന്നിവര്‍ മക്കളാണ്. ആരെന്‍, 1979-ല്‍ ഒരു നീന്തല്‍ക്കുളത്തിലെ അപകടത്തില്‍ ഒരു കൊച്ചുകുട്ടിയായിരിക്കെ മുങ്ങിമരിച്ചു. അതേ വര്‍ഷം ഭാര്യ വിറ്റ്‌ലിയില്‍ നിന്നും വിവാഹമോചനം നേടി.
1994-ല്‍ ലോസ് ഏഞ്ചല്‍സില്‍ മുന്‍ ഭാര്യ നിക്കോള്‍ ബ്രൗണ്‍ സിംപ്സണെയും അവരുടെ സുഹൃത്ത് റൊണാള്‍ഡ് ഗോള്‍ഡ്മാനെയും കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഏറ്റവും കൂടുതല്‍ കാലം കോടതിയില്‍ വിചാരണ നേരിട്ട് പിന്നീട് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതോടെ സിംസണ്‍ ജയില്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. എന്നാല്‍, 2008-ല്‍ 12 സായുധ മോഷണക്കേസുകളിലും ലാസ് വെഗാസിലെ ഒരു ഹോട്ടലില്‍ തോക്കിന്‍ മുനയില്‍ രണ്ട് സ്പോര്‍ട്സ് മെമ്മോറബിലിയ ഡീലര്‍മാരെ തട്ടിക്കൊണ്ടു പോയ കേസിലും ശിക്ഷിക്കപ്പെട്ടതിന് ശേഷം സിംപ്സണ്‍ പിന്നീട് ഒമ്പത് വര്‍ഷം നെവാഡ ജയിലില്‍ ശിക്ഷ അനുഭവിച്ചു.