വിമാനം വൈകി; ടൊറന്റോ പിയേഴ്‌സണ്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ 30 മണിക്കൂറോളം കുടുങ്ങി 

By: 600002 On: Apr 4, 2024, 2:53 PM

 

 

ടൊറന്റോ പിയേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെടുന്ന പതിവ് ഫ്‌ളൈറ്റ് കഴിഞ്ഞയാഴ്ച ആവര്‍ത്തിച്ച് വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് കാത്തിരിക്കേണ്ടി വന്നത് 30 മണിക്കൂര്‍. മാര്‍ച്ച് 28 വ്യാഴാഴ്ച രാത്രി 9.30 ന് ടൊറന്റോയില്‍ നിന്ന് അബുദാബിയിലേക്കുള്ള എത്തിഹാദ് എയര്‍വേയ്‌സിന്റെ ഫ്‌ളൈറ്റ് EY 140  പുറപ്പെടാന്‍ ആദ്യം ഷെഡ്യൂള്‍ ചെയ്തിരുന്നുവെങ്കിലും യാത്ര മൂന്ന് ദിവസത്തെ കഠിനമായ പരീക്ഷണമായി മാറിയെന്ന് യാത്രക്കാര്‍ പറഞ്ഞു. 

സാങ്കേതിക പ്രശ്‌നങ്ങളും ഒന്നിലധികം കാലതാമസവും ഉണ്ടായതിനെ തുടര്‍ന്ന് പൈലറ്റ് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരോട് ഇറങ്ങാന്‍ നിര്‍ദ്ദേശിച്ചതായി വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിലൊരാള്‍ പ്രണവ് വാരിയംവീട്ടില്‍ പറയുന്നു. വിമാനത്തിലുണ്ടായിരുന്ന സമയത്ത് വെള്ളം മാത്രമേ ലഭ്യമായിരുന്നുള്ളൂവെന്ന് മറ്റൊരു യാത്രക്കാരന്‍ പറഞ്ഞു. തുടര്‍ന്ന് ലഗേജുകള്‍ എടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും പറഞ്ഞു. 

ലഗേജ് എത്താന്‍ ഒന്നരമണിക്കൂര്‍ എടുത്തു. ഇതിനിടയില്‍ ഗതാഗതത്തിനും ഹോട്ടലിനുമായി തിരക്കായിരുന്നു. നീണ്ട ക്യൂവാണ് അനുഭവപ്പെട്ടത്. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പില്‍ ക്ഷീണിതരായ യാത്രക്കാരില്‍ കുറേപേര്‍ ലഗേജ് ലഭിച്ചതിന് ശേഷം ടാക്‌സി വൗച്ചര്‍ തെരഞ്ഞെടുത്ത് വീട്ടിലേക്ക് മടങ്ങിയെന്നും അവര്‍ പറഞ്ഞു.

പിന്നീട് വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് പുറപ്പെടുന്നതിന് വിമാനം പുന:ക്രമീകരിച്ചതായി ഇമെയില്‍ വഴി യാത്രക്കാരെ പിന്നീട് അറിയിച്ചതായി യാത്രക്കാര്‍ പറഞ്ഞു. 

പലരും യഥാര്‍ത്ഥ ഡെസ്റ്റിനേഷന്‍ സമയം കഴിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞാണ് സ്ഥലങ്ങളിലെത്തിയത്. യാത്രക്കാര്‍ സംഭവത്തെക്കുറിച്ചും തങ്ങള്‍ക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ചും എയര്‍ലൈനിന് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ക്കുള്ള നഷ്ടപരിഹാരങ്ങളെക്കുറിച്ച് കമ്പനിയുടെ ഭാഗത്ത് നിന്നും ഇതുവരെ ആശയവിനിമയം ഉണ്ടായിട്ടില്ലെന്ന് യാത്രക്കാര്‍ പറയുന്നു.