മോണ്‍ട്രിയല്‍ തുറമുഖത്ത് നിന്നും 34.5 മില്യണ്‍ ഡോളര്‍ വില വരുന്ന 600 ഓളം മോഷ്ടിച്ച വാഹനങ്ങള്‍ കണ്ടെടുത്തു

By: 600002 On: Apr 4, 2024, 12:05 PM

 


മോണ്‍ട്രിയലിലെ തുറമുഖത്ത് നിന്നും 600 ഓളം മോഷ്ടിച്ച വാഹനങ്ങള്‍ കണ്ടെത്തിയതായി പോലീസ്. ഒന്റാരിയോ, ക്യുബെക്ക് പോലീസ് സേനകളും കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സിയും(സിബിഎസ്എ) ചേര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വാഹനങ്ങള്‍ കണ്ടെത്തിയത്. പ്രൊജക്ട് വെക്ടറിന്റെ ഭാഗമായി അനധികൃത കയറ്റുമതിക്കായി തയാറാക്കിയ 34.5 മില്യണ്‍ ഡോളര്‍ വില വരുന്ന 598 വാഹനങ്ങളാണ് കണ്ടെത്തിയത്. ഈ വാഹനങ്ങള്‍ ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, സൗത്ത് അമേരിക്ക എന്നിവടങ്ങളിലെ വിപണികളിലേക്ക് വിദേശത്തേക്ക് കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നതെന്ന് പോലീസ് അറിയിച്ചു. മോണ്‍ട്രിയലിലെ സീ കണ്ടെയ്‌നറുകളില്‍ നിന്ന് കണ്ടെടുത്ത ഏകദേശം 75 ശതമാനം വാഹനങ്ങളും ഒന്റാരിയോയില്‍ നിന്നും മോഷ്ടിക്കപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സിബിഎസ്എ വ്യക്തമാക്കി. 

മോഷ്ടിച്ച വാഹനങ്ങള്‍ മിക്കതും പുതിയ മോഡല്‍ ഹൈ-എന്‍ഡ് പിക്ക്-അപ്പ് ട്രക്കുകളും എസ് യുവികളാണ്. ഇവ കാര്‍ജാക്കിംഗ്, ഹോം ബ്രേക്ക്-ഇന്‍ എന്നീ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അധികൃതര്‍ പറഞ്ഞു. കാര്‍ മോഷണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ തുടരുകയാണെന്ന് സിബിഎസ്എ വ്യക്തമാക്കി.