വേക്കന്‍സി ടാക്‌സ് ഫോം സമയത്തിനുള്ളില്‍ സമര്‍പ്പിച്ചില്ല; ടൊറന്റോയിലെ വീട്ടുടമസ്ഥനോട് 17,000 ഡോളറിലധികം തുകയടയ്ക്കാന്‍ ആവശ്യപ്പെട്ട് സിറ്റി 

By: 600002 On: Apr 4, 2024, 10:23 AM

 

 

പുതിയ വേക്കന്റ് ഹോം ടാക്‌സ് ഫോം പൂരിപ്പിക്കാത്തതിനെ തുടര്‍ന്ന് ടൊറന്റോയിലെ വീട്ടുടമസ്ഥന് 17,000 ഡോളറിലധികം തുക അടയ്ക്കാന്‍ സിറ്റി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ടൊറന്റോ സ്വദേശി കെന്നത്ത് മാര്‍ട്ടിനോടാണ് 17,530 ഡോളര്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ടത്. വീട് വാസയോഗ്യമാണോയെന്ന് രേഖപ്പെടുത്താനായുള്ള ഫോമാണിത്. ഈ ഫോം സമര്‍പ്പിക്കാന്‍ ഫെബ്രുവരി അവസാനം വരെ സമയമുണ്ടായിരുന്നു. കാലാവധി കഴിഞ്ഞതിനാലാണ് മാര്‍ട്ടിനോട് പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടത്. ഈ തുക തന്റെ പ്രോപ്പര്‍ട്ടി ടാക്‌സിനേക്കാള്‍ ഇരട്ടിയാണെന്ന് അദ്ദേഹം പറയുന്നു. 

ടാക്‌സ് ഫോം വീട്ടിലേക്ക് അയച്ചപ്പോള്‍ താന്‍ അവധിയാഘോഷത്തിനായി കാനഡയ്ക്ക് പുറത്തായിരുന്നു. അതിനാല്‍ ഫോം സമര്‍പ്പിക്കാനുള്ള സമയപരിധി കഴിഞ്ഞുപോവുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. 

മാര്‍ട്ടിനെ പോലെ തന്നെ ഫോം ഫെബ്രുവരി സമയപരിധിക്കുള്ളില്‍ ഫോം സമര്‍പ്പിക്കാന്‍ സാധിക്കാതെ പോയതിനാല്‍ ടൊറന്റോയിലെ ഹന്‍സ, പ്രവീണ്‍ മേത്ത ദമ്പതികളോടും 9,300 ഡോളര്‍ വേക്കന്‍സി ടാക്‌സ് അടയ്ക്കാന്‍ സിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. 

811,825 വേക്കന്‍സി ടാക്‌സ് ഫോമുകളാണ് ടൊറന്റോ സിറ്റി അയച്ചതെന്ന് സിറ്റി വക്താവ് പറഞ്ഞു. ഇതില്‍ 96 ശതമാനം പേരും ഫോം ഫില്‍ ചെയ്ത് സമര്‍പ്പിച്ചുകഴിഞ്ഞതായും വക്താവ് അറിയിച്ചു.