സര്‍വകലാശാലകളിലും കോളേജുകളിലും ഒന്റാരിയോ സ്വദേശികളായ വിദ്യാര്‍ത്ഥികളെ മാത്രം പ്രവേശിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായി ഡഗ് ഫോര്‍ഡ് 

By: 600002 On: Apr 4, 2024, 9:16 AM

 

 

ഒന്റാരിയോയില്‍ നിന്നും മാത്രമുള്ള വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്ന പോസ്റ്റ്-സെക്കന്‍ഡറി സ്ഥാപനങ്ങള്‍ കാണാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് പ്രീമിയര്‍ ഡഗ്‌ഫോര്‍ഡ്. പ്രവിശ്യയിലെ യൂണിവേഴ്‌സിറ്റികളിലെയും കോളേജുകളിലെയും 18 ശതമാനം വിദ്യാര്‍ത്ഥികളും വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് ഫോര്‍ഡ് പറയുന്നു. ഈ 18 ശതമാനം വിദേശ വിദ്യാര്‍ത്ഥികളെ കൂടി ഒഴിവാക്കി പൂര്‍ണമായും ഒന്റാരിയോയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാനാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം യോര്‍ക്ക് സര്‍വകലാശാലയില്‍ പുതിയ മെഡിക്കല്‍ സ്‌കൂളിനായുള്ള പ്രഖ്യാപനത്തില്‍ പറഞ്ഞു. പ്രവിശ്യയിലെ കുട്ടികള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. 

ഒന്റാരിയോയിലെ മിക്ക വിദ്യാര്‍ത്ഥികളും വിദേശത്ത് പോയി പഠിക്കാനാണ് താല്‍പ്പര്യപ്പെടുന്നതെന്നും അവര്‍ പിന്നീട് മടങ്ങിവരുന്നില്ലെന്നും ചില രക്ഷിതാക്കള്‍ പറഞ്ഞതായി ഫോര്‍ഡ് പറയുന്നു. ഇതിനാലാണ് നൂറ് ശതമാനം വിദ്യാര്‍ത്ഥികളും ഒന്റാരിയോയില്‍ നിന്നുള്ളവരായിരിക്കണമെന്ന് താന്‍ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

സ്‌കില്‍ഡ് ട്രേഡുകള്‍ പോലുള്ള ഇന്‍-ഡിമാന്‍ഡ് പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്ന പോസ്റ്റ് സെക്കന്‍ഡറി സ്ഥാപനങ്ങള്‍ക്ക് പുതുതായി അന്താരാഷ്ട്ര ബിരുദ പഠന പെര്‍മിറ്റുകളുടെ എണ്ണം കുറയ്ക്കുന്നതായി പ്രവിശ്യ സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. മിക്കവാറും എല്ലാ പെര്‍മിറ്റുകളും പൊതുധനസഹായമുള്ള കോളേജുകളിലേക്കും സര്‍വ്വകലാശാലകളിലേക്കുമാണ് പോകുന്നത്. സ്വകാര്യ കരിയര്‍ കോളേജുകള്‍ക്ക് ലഭിക്കില്ല.