'ജീവൻ രക്ഷിച്ച ആളാണ്, എന്നിട്ടും 4 സ്റ്റാർ മാത്രം, ഇനിയെന്ത് വേണം'; വൈറലായി ഡോക്ടറുടെ ട്വീറ്റ്

By: 600007 On: Apr 4, 2024, 5:00 AM

എന്തിനും ഏതിനും നാം ​ഗൂ​ഗിൾ റിവ്യൂ നൽകാറുണ്ട്. മിക്കവാറും എത്ര നല്ല സേവനമാണെങ്കിലും എന്തെങ്കിലും ചില പോരായ്മ കാണും. അതിനൊക്കെ 4 സ്റ്റാർ ഒക്കെയാണ് നമ്മൾ നൽകുന്നത്. എന്നാൽ, നമ്മുടെ ജീവൻ രക്ഷിച്ച ഡോക്ടർക്ക് റേറ്റിം​ഗ് കൊടുക്കാൻ തോന്നിയാൽ നാം എത്ര നൽകും? ജീവൻ രക്ഷിച്ച ആളല്ലേ, കിടക്കട്ടെ 5 സ്റ്റാർ എന്ന് കരുതും. എന്നാൽ, യുഎസ് അടിസ്ഥാനമാക്കിയുള്ള ഇൻ്റർമൗണ്ടൻ ഹെൽത്തിൻ്റെ ജിഐ ഓങ്കോളജി ഡയറക്ടർ ഡോ. മാർക്ക് ലൂയിസിന്റെ അനുഭവം മറ്റൊന്നാണ്. 

കഴിഞ്ഞ ദിവസമാണ് ഡോ. മാർക്ക് എക്സിൽ ഒരു ചിത്രം പങ്കുവച്ചത്. അതിൽ കാണിച്ചിരിക്കുന്നത് അദ്ദേഹത്തിന് കിട്ടിയ റേറ്റിം​ഗാണ്. അത് 4 സ്റ്റാർ ആണ്. ഒപ്പം ഡോ. മാർക്ക് ലൂയിസ് തന്റെ ജീവൻ രക്ഷിച്ചു എന്നും പറയുന്നുണ്ട്. എന്നാൽ, ഡോക്ടറുടെ സംശയം ന്യായമാണ് ജീവൻ രക്ഷിച്ചാൽ പോലും 5 സ്റ്റാർ കിട്ടില്ലേ? 5 സ്റ്റാറും കിട്ടാൻ പിന്നെ എന്താണ് ചെയ്യേണ്ടത് എന്നാണ് ഡോക്ടർ തമാശയായി ചോദിക്കുന്നത്. 

എന്തായാലും, ഡോക്ടറുടെ ട്വീറ്റിന് നിരവധിപ്പേരാണ് രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്. 'ഡോ. ലൂയിസ് എൻ്റെ ജീവൻ രക്ഷിച്ചു! എന്നിരുന്നാലും, ആശുപത്രിയിലെ കോഫി കൊള്ളില്ല. 4/5 സ്റ്റാർസ്' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. അതിന് ഡോക്ടർ മറുപടിയും നൽകിയിട്ടുണ്ട്. അതിൽ തനിക്ക് വാദിക്കാൻ ഒന്നുമില്ല എന്നാണ് ഡോക്ടർ പറഞ്ഞത്.