തിമിംഗലങ്ങളെ വ്യക്തികളായി പരിഗണിക്കണം, ആവശ്യം ശക്തമാക്കി പസിഫിക്ക് ഗോത്രനേതാക്കൾ

By: 600007 On: Apr 4, 2024, 3:15 AM

തിമിം​ഗലങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി അവയെ വ്യക്തികളായി പരി​ഗണിക്കണമെന്ന ആവശ്യവുമായി പസിഫിക്കിലെ ഗോത്രനേതാക്കൾ രം​ഗത്ത്. പസിഫിക് സമുദ്രത്തിലെ വിവിധഭാഗങ്ങളിൽ നിന്നുള്ള തദ്ദേശീയ നേതാക്കളാണ് വകപുതംഗ മോവാന എന്ന പേരിൽ അറിയപ്പെടുന്ന ഈ ആഹ്വാനം ഉയർത്തിയിരിക്കുന്നത്. തിമിംഗലങ്ങളെ വ്യക്തികളായി പരിഗണിക്കണമെന്നും വ്യക്തികൾക്കുള്ള അവകാശങ്ങൾ തിമിം​ഗലങ്ങൾക്കും നൽകണമെന്നുമാണ് നേതാക്കൾ പറയുന്നത്.

ലോകത്തു പലതരം തിമിംഗലങ്ങളുണ്ട്. ബ്ലൂ വെയിൽ, സ്‌പേം, ഓർക്ക, ഹംബാക്ക് എന്നിവയൊക്കെയാണ് കൂട്ടത്തിൽ പ്രശസ്തമെങ്കിലും വേറെയും ഉപവിഭാഗങ്ങളുണ്ട്. ഇക്കൂട്ടത്തിലെ വമ്പൻമാരും ഭൂമിയിലെ തന്നെ ഏറ്റവും വലിയ ജീവികളുമായ നീലത്തിമിംഗലങ്ങൾ കനത്ത പ്രതിസന്ധി നേരിടുന്നുണ്ടെന്ന് കഴിഞ്ഞവർഷം പുറത്തിറങ്ങിയ ഒരു പഠനം വെളിവാക്കിയിരുന്നു. ഒരു നൂറ്റാണ്ടിനു മുൻപ് ഏകദേശം ഒരു ലക്ഷത്തോളം നീലത്തിമിംഗലങ്ങൾ സമുദ്രങ്ങളിൽ ഉണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞകാലങ്ങളിലായുള്ള തിമിംഗല വേട്ട, നിരുത്തരവാദപരമായ മത്സ്യബന്ധന രീതികൾ, സമുദ്രപരിസ്ഥിതിയുടെ നാശം എന്നിവ കാരണം ഇവയുടെ എണ്ണം വൻതോതിൽ ഇടിഞ്ഞതായാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഇത് മുൻനിർത്തിയാണ് തിമിം​ഗലങ്ങൾക്ക് വ്യക്തി പരി​ഗണന നൽകി സംരക്ഷണം ഉറപ്പാക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്.