കാനഡയില്‍ ഭവന നിര്‍മാണം വേഗത്തിലാക്കാന്‍ ആറ് ബില്യണ്‍ ഡോളറിന്റെ അധിക ധനസഹായം പ്രഖ്യാപിച്ച് ഫെഡറല്‍ സര്‍ക്കാര്‍ 

By: 600002 On: Apr 3, 2024, 6:38 PM

 

 

വീട് നിര്‍മാണം വേഗത്തിലാക്കാനും വീട് നിര്‍മാണത്തിന് ആവശ്യമായ പ്രധാന ഘടകങ്ങള്‍ നവീകരിക്കാനും ഉദ്ദേശിച്ചുള്ള പുതിയ ആറ് ബില്യണ്‍ ഡോളര്‍ 'കാനഡ ഹൗസിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്'  ആരംഭിക്കാനൊരുങ്ങി ഫെഡറല്‍ സര്‍ക്കാര്‍. അഫോര്‍ഡബിളായ കൂടുതല്‍ വീടുകള്‍ നിര്‍മാക്കാനുള്ള പദ്ധതിക്ക് സഹായകമാകുന്ന ഫണ്ടാണിത്. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഹൗസിംഗ് മിനിസ്റ്റര്‍ ഷോണ്‍ ഫ്രേസറിനൊപ്പം ഡാര്‍ട്ട്മൗത്തില്‍ ചൊവ്വാഴ്ച ധനസഹായം പ്രഖ്യാപിച്ചു.  

വേസ്റ്റ് വാട്ടര്‍, സ്റ്റോംവാട്ടര്‍, സോളിഡ് വേസ്റ്റ് സിസ്റ്റം തുടങ്ങിയവയുടെ മെച്ചപ്പെടുത്തല്‍ പോലുള്ള അടിയന്തര അടിസ്ഥാന സൗകര്യ ആവശ്യങ്ങള്‍ക്കായി ഫണ്ടില്‍ ഒരു ബില്യണ്‍ ഡോളര്‍ ഉള്‍പ്പെടുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ബാക്കിയുള്ള അഞ്ച് ബില്യണ്‍ ഡോളര്‍ പ്രവിശ്യകളുമായും പ്രദേശങ്ങളുമായും ഇതുവരെ ചര്‍ച്ച ചെയ്യപ്പെടാത്ത കരാറുകള്‍ക്കായി നീക്കിവയ്ക്കും. 

ഫണ്ടിംഗ് ആക്‌സസ് ചെയ്യുന്നതിനും കാനഡയുടെ ഭവന വിതരണം വര്‍ധിപ്പിക്കുന്നതിനുമായി പ്രവിശ്യകളും പ്രദേശങ്ങളും ഒരു കൂട്ടം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഫെഡറല്‍ സര്‍ക്കാര്‍ ആവശ്യപ്പെടും. പുതിയ ഫണ്ടിംഗുമായി ബന്ധപ്പെട്ട് ഫെഡറല്‍ സര്‍ക്കാരുമായി കരാര്‍ ഉറപ്പിക്കാന്‍ പ്രവിശ്യകള്‍ക്ക് 2025 ജനുവരി 1 വരെ സമയമുണ്ട്. അതേസമയം, ടെറിറ്ററികള്‍ക്ക് 2025 ഏപ്രില്‍ 1 വരെയാണ് സമയം നല്‍കിയിരിക്കുന്നത്. 

ഇതുവരെ, 750,000 ത്തിലധികം പുതിയ വീടുകള്‍ അതിവേഗം ട്രാക്ക് ചെയ്യുന്നതിന് കാനഡയിലുടനീളം ഏകദേശം 180 ഓളം കരാറുകള്‍ ഫെഡറല്‍ സര്‍ക്കാര്‍ ഒപ്പുവെച്ചിട്ടുണ്ട്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 12,000 പുതിയ വീടുകളുടെ നിര്‍മാണം വേഗത്തിലാക്കാന്‍ അധിക ധനസഹായം സഹായിക്കുമെന്ന് ലിബറലുകള്‍ കണക്കാക്കുന്നു.