ഫോബ്‌സ് 2024 പട്ടികയില്‍ ഇടം നേടി 67 കനേഡിയന്‍ ശതകോടീശ്വരന്മാര്‍; പലരും ബീസിയില്‍ നിന്നുള്ളവര്‍ 

By: 600002 On: Apr 3, 2024, 12:25 PM


 

ഫോബ്‌സിന്റെ 2024 ലെ ലോക ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 67 കനേഡിയന്‍ പൗരന്മാരാണ് ഇടം നേടിയത്. ഇവരില്‍ പലര്‍ക്കും ബ്രിട്ടീഷ് കൊളംബിയയില്‍ വേരുകളുണ്ട്. ചൈനീസ്-കനേഡിയന്‍ കോഡര്‍ ചാങ്‌പെങ് പട്ടികയില്‍ ഇടം നേടിയ രണ്ടാമത്തെ സമ്പന്നനായ കനേഡിയന്‍ പൗരനാണ്. കനേഡിയന്‍ പൗരനായ ഡേവിഡ് തോംസണ് പിന്നാലെയാണ് ബീസിയില്‍ വേരുകളുള്ള ചാങ് പെങ് ഷാവോ പട്ടികയില്‍ ഇടം നേടുന്നത്. ആഗോളതലത്തില്‍ ഏറ്റവും സമ്പന്നരായ വ്യക്തികളില്‍ 50 ആം സ്ഥാനത്താണ് ഷാവോ. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചായ ബിനാന്‍സിന്റെ സ്ഥാപകനും മുന്‍ സിഇഒ യുമാണ് അദ്ദേഹം. 1980 കളുടെ അവസാനത്തിലാണ് ഷാവോയുടെ കുടുംബം കാനഡയിലേക്ക് കുടിയേറിയത്. ഇവര്‍ വാന്‍കുവറില്‍ സ്ഥിരതാമസമാക്കി. 

കാനഡയില്‍ മൂന്നാം സ്ഥാനത്തും ലോകത്ത് 156 ആം സ്ഥാനത്തും ഇടംനേടിയ വാന്‍കുവറില്‍ ജനിച്ച് വളര്‍ന്നഡേവിഡ് ഷെറിറ്റണ്‍ ആണ് ശതകോടീശ്വരനായ മറ്റൊരു കനേഡിയന്‍ പൗരന്‍. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസര്‍ എമറിറ്റസ് ആണ് അദ്ദേഹം. 12.6 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഷെറിറ്റണ് പിന്നാലെ ജിം പാറ്റിസണ്‍ നാലാമത്തെ സമ്പന്നനായ കനേഡിയന്‍ പൗരനായി ഇടംപിടിച്ചു. വാന്‍കുവര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യവസായി ആണ് പാറ്റിസണ്‍. പാക്കേജിംഗ്, ഭക്ഷണം, വിനോദം എന്നിവയുള്‍പ്പെടെ 24 ഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്ന ഒരു വിശാലമായ ഗ്രൂപ്പിന് മേല്‍നോട്ടം വഹിക്കുന്നു. സേവ്-ഓണ്‍-ഫുഡ്സ്, ബൈ-ലോ ഫുഡ്സ്, സോബീസ്, ലോബ്ലോസ് തുടങ്ങിയ സ്റ്റോറുകള്‍ ജിം പാറ്റിസണ്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ്. ആഗോളതലത്തില്‍ 263 ആം സ്ഥാനത്താണ് പാറ്റിസണ്‍. 

വാന്‍കുവറില്‍ ജനിച്ച് വളര്‍ന്ന ആന്റണി വോണ്‍ മാന്റില്‍(334 ആം സ്ഥാനം), ചിപ് വില്‍സണ്‍(403), കാംലൂപ്‌സ് സ്വദേശിയായ ബോബ് ഗാഗ്‌ലാര്‍ഡി(803) എന്നിവരാണ് മറ്റ് സമ്പന്നരായ ബീസി സ്വദേശികള്‍.