നെക്‌സസ് ട്രസ്റ്റഡ്-ട്രാവലര്‍ പ്രോഗ്രാമിന്റെ ചെലവ് ഒക്ടോബര്‍ 1ന് 120 യുഎസ് ഡോളറായി ഉയരും 

By: 600002 On: Apr 3, 2024, 9:36 AM

 

നെക്‌സസ് ട്രസ്റ്റഡ്-ട്രാവലര്‍ പ്രോഗ്രാമില്‍ എന്റോള്‍ ചെയ്യുന്നതിനുള്ള ചെലവ് ഈ വര്‍ഷം 140 ശതമാനം വര്‍ധിക്കും. ഒക്ടോബര്‍ 1 ന് നെക്‌സസ് അപേക്ഷാ ഫീസ് 50 യുഎസ് ഡോളറില്‍ നിന്ന് 120 ഡോളറായി വര്‍ധിപ്പിക്കുമെന്ന് കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി(സിബിഎസ്എ) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 20 വര്‍ഷം മുമ്പ് നിശ്ചയിച്ച നിലവിലെ ഫീസ് പ്രോഗ്രാമിന്റെ ചെലവ് ഇനി കവര്‍ ചെയ്യില്ലെന്ന് സിബിഎസ്എ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

കുറഞ്ഞ അപകടസാധ്യതയുള്ള മുന്‍കൂട്ടി അംഗീകരിച്ച യാത്രക്കാരെ കാനഡ-യുഎസ് അതിര്‍ത്തി വേഗത്തില്‍ കടക്കാന്‍ അനുവദിക്കുന്നതാണ് നെക്‌സസ് പ്രോഗ്രാം. 2002 മുതല്‍ സിബിഎസ്എയും യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷനും സംയുക്തമായാണ് പ്രോഗ്രാം നടത്തുന്നത്. അംഗത്വങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേക്കാണ് കാലാവധി. നിലവില്‍ 1.8 ദശലക്ഷത്തിലധികം അംഗങ്ങളുണ്ട്, ഭൂരിപക്ഷവും കനേഡിയന്‍ പൗരന്മാരാണ്.

ഒക്ടോബറിന് മുമ്പ് ഡിമാന്‍ഡ് വര്‍ധിക്കുമെന്ന പ്രതീക്ഷയുള്ളതിനാല്‍ നെക്‌സസ് അപേക്ഷകരെ എത്രയും വേഗം ഇന്റര്‍വ്യൂകള്‍ ബുക്ക് ചെയ്യാന്‍ അധികൃതര്‍ പ്രോത്സാഹിപ്പിക്കുകയാണ്. തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ കാനഡയിലെയും അമേരിക്കയിലെയും എന്റോള്‍മെന്റ് സെന്ററുകള്‍ സേവനം മണിക്കൂറുകള്‍ നീട്ടുമെന്ന് അധികൃതര്‍ അറിയിച്ചു. 70 ഡോളര്‍ ഫീസ് വര്‍ധനവ് അമേരിക്കയിലും കാനഡയിലും അംഗീകാരത്തിനും നിയന്ത്രണഭേദഗതികള്‍ക്കും വിധേയമാണ്. 

നെക്‌സസിന് അപേക്ഷിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ സിബിഎസ്എ വെബ്‌സൈറ്റില്‍ ലഭ്യമാണ്.