എഡ്മന്റണില്‍ രണ്ട് നായകളുടെ ആക്രമണത്തില്‍ 11 വയസ്സുകാരന് ദാരുണാന്ത്യം; നായകള്‍ നേരത്തെയും ആക്രമിച്ചതായി പരാതി 

By: 600002 On: Apr 3, 2024, 8:54 AM

 

 


സൗത്ത്ഈസ്റ്റ് എഡ്മന്റണില്‍ 11 വയസ്സുകാരന്‍ രണ്ട് നായകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രി 82 സ്ട്രീറ്റ്, 11 അവന്യു ഏരിയയില്‍ എട്ട് മണിയോടുകൂടിയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. വിവരമറിഞ്ഞെത്തിയ പോലീസ് രണ്ട് വലിയ നായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ആണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നുവെന്ന് എഡ്മന്റണ്‍ പോലീസ് സര്‍വീസ് പ്രസ്താവനയില്‍ പറഞ്ഞു. ഇഎംസ് ടീം സംഭവ സ്ഥലത്തെത്തുന്നത് വരെ കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അവശനിലയിലായ കുട്ടി പിന്നീട് മരിച്ചു. സ്ഥലത്തെത്തിയ അനിമല്‍ കണ്‍ട്രോള്‍ പീസ് ഓഫീസര്‍മാര്‍ നായ്ക്കളെ പിടികൂടി. നായകള്‍ കസ്റ്റഡിയിലാണ്. 

രണ്ട് നായകളും കുട്ടി സന്ദര്‍ശിക്കാറുണ്ടായിരുന്ന വീട്ടിലേതായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസ് അന്വേഷണം നടത്തിവരികയാണെന്നും കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം ബുധനാഴ്ച നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. അനിമല്‍ കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് നായകളെ കുറിച്ച് മുമ്പ് ലഭിച്ച പരാതികള്‍ അന്വേഷിച്ചതായി എഡ്മന്റണ്‍ സിറ്റി വക്താവ് സ്ഥിരീകരിച്ചു. നേരത്തെയും വാണിംഗുകളും പിഴയും നായകളുടെ ആക്രമണത്തെ തുടര്‍ന്ന് ലഭിച്ചിരുന്നതായി ഡിപ്പാര്‍ട്ട്‌മെന്റ് കണ്ടെത്തി.