ബാൾട്ടിമോറിലെ പാലം തകർന്ന സംഭവം; ‘ദാലി’യിലെ ജീവനക്കാർ കപ്പലിൽ തുടരണം, കുടുങ്ങിയത് 20 ഇന്ത്യക്കാർ

By: 600007 On: Apr 3, 2024, 2:35 AM

 

 

മെറിലാന്റ്: അമേരിക്കയിലെ ബാൾട്ടിമോറിലെ കൂറ്റൻ പാലം തകരാൻ കാരണമായ കപ്പലിലെ ഇന്ത്യക്കാർ അടക്കമുള്ള ജീവനക്കാർ അന്വേഷണം പൂർത്തിയാവുന്നത് വരെ കപ്പലിൽ തുടരേണ്ടി വരുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ മാസമാണ് ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലം കണ്ടെയ്നർ കപ്പലിടിച്ച് തകർന്നത്. ഗ്രേസ് ഓഷ്യൻ എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള കപ്പലിലെ ജീവനക്കാരിൽ ഏറിയ പങ്കും ഇന്ത്യക്കാരാണ്. 20 ഇന്ത്യക്കാരും 1 ശ്രീലങ്കൻ സ്വദേശിയും അടങ്ങുന്നതാണ് കപ്പലിലെ ജീവനക്കാർ.

അമേരിക്കൻ കോസ്റ്റ് ഗോർഡിന്റേയും ദേശീയ ഗതാഗത സുരക്ഷാ ബോർഡിന്റേയും സംയുക്ത അന്വേഷണത്തോട് സഹകരിക്കുകയാണ് കപ്പലിലെ ജീവനക്കാരെന്നും ഗ്രേസ് ഓഷ്യൻ വക്താവ് പ്രതികരിച്ചതായാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. അന്വേഷണം കഴിയുന്നത് വരെ ജീവനക്കാർ കപ്പലിൽ തുടരേണ്ടി വരുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വിശദമാക്കുന്നത്. എത്ര സമയം അന്വേഷണത്തിന് വേണ്ടി വരുമെന്നതിൽ വ്യക്തതയില്ലെന്നും വക്താവ് വിശദമാക്കിയിട്ടുണ്ട്. മാർച്ച് 26നാണ് 984 അടി വലുപ്പമുള്ള കാർഗോ കപ്പൽ 2.6 കിലോമീറ്റർ നീളമുള്ള പാലത്തിൽ ഇടിച്ചത്.