എഐ ലോകത്ത് വന്‍ നീക്കം,ഇനി അക്കൗണ്ടില്ലെങ്കിലും ചാറ്റ് ജിപിടി ഉപയോഗിക്കാം

By: 600007 On: Apr 3, 2024, 2:27 AM

ഏറ്റവും ജനപ്രിയമായ എഐ ചാറ്റ്‌ബോട്ടുകളിലൊന്നാണ് ചാറ്റ് ജിപിടി. ഇതുവരെ ഓപ്പണ്‍ എഐ അക്കൗണ്ടുള്ളവര്‍ക്ക് മാത്രമേ ചാറ്റ് ജിപിടി ഉപയോഗിക്കാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ ഇനി മുതല്‍ അതിന്റെ ആവശ്യമില്ല. കമ്പനി തന്നെയാണ് പുതിയ അപ്‌ഡേഷനെക്കുറിച്ച് അറിയിച്ചിരിക്കുന്നത്. ചാറ്റ് ജിപിടിയുമായി നടത്തുന്ന ചാറ്റുകള്‍ ഭാഷാ മോഡലിന്റെ വികസനത്തിനായി ഉപയോഗിക്കുമെന്നും കമ്പനി ബ്ലോഗ് പോസ്റ്റില്‍ പറയുന്നുണ്ട്. ചാറ്റ് ഇതിന് ഉപയോഗിക്കുന്നത് ഇഷ്ടമല്ലെങ്കില്‍ അത് ഓഫ് ചെയ്യാനും സൗകര്യമുണ്ട്.

ലോഗിന്‍ ചെയ്യാതെ ചാറ്റ് ജിപിടിയോട് എന്ത് വേണമെങ്കിലും സംസാരിക്കാനാകും. എന്നാലവ സൂക്ഷിച്ചു വയ്ക്കണമെങ്കില്‍ അക്കൗണ്ട് ലോഗിന്‍ ചെയ്യേണ്ടതുണ്ട്. ഇതിന് പുറമെ ശബ്ദത്തില്‍ മറുപടി ലഭിക്കണമെങ്കിലും മറുപടികള്‍ മറ്റുള്ളവരുമായി പങ്കു വയ്ക്കണമെങ്കിലും അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യണമെന്നതും ഓര്‍ക്കുക. ഡാല്‍-ഇ 3 പോലുള്ള ഓപ്പണ്‍ എഐ ഉല്പന്നങ്ങളും ചാറ്റ് ജിപിടിയുടെ പെയ്ഡ് പതിപ്പും ഉപയോഗിക്കാനും അക്കൗണ്ട് വേണം. കൂടാതെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിച്ചതായും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.