കാര്‍ബണ്‍ വില വര്‍ധനവിനെതിരെ കാനഡയിലുടനീളം പ്രതിഷേധം; റോഡുകള്‍ ഉപരോധിച്ചു 

By: 600002 On: Apr 2, 2024, 5:37 AM

 

 

ഫെഡറല്‍ കാര്‍ബണ്‍ വില വര്‍ധനവിനെതിരെ കാനഡയിലുടനീളം പ്രതിഷേധങ്ങള്‍ ശക്തമായി. വിവിധയിടങ്ങളില്‍ നിരവധി പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. ട്രാന്‍സ്-കാനഡ ഹൈവേയിലും പ്രവിശ്യാ അതിര്‍ത്തി ക്രോസിംഗുകളിലും ഗതാഗതം സ്തംഭിച്ചു. കാര്‍ബണ്‍ വില വര്‍ധനവ് കനേഡിയന്‍ പൗരന്മാരോടുള്ള 'ക്രൂരമായ ഏപ്രില്‍ ഫൂള്‍ ദിന തമാശ' എന്ന് ബീസിയില്‍ നാനൈമോയിലെ ഒരു ഗ്യാസ് സ്‌റ്റേഷന് പുറത്തുവെച്ച് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് പിയറി പൊയ്‌ലിയേവ് വിശേഷിപ്പിച്ചു. 

തിങ്കളാഴ്ച നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് മുമ്പില്‍ തടിച്ചുകൂടിയ ആളുകള്‍ കാര്‍ബണ്‍ വില വര്‍ധനവിനെതിരെ മുദ്രാവാക്യം വിളിച്ചു. പ്രതിഷേധക്കാര്‍ റോഡുകള്‍ ഉപരോധിക്കുകയും ഗതാഗത തടസ്സമുണ്ടാക്കുകയും ചെയ്തു. തങ്ങളുടെ അഫോര്‍ഡബിളിറ്റി പ്രശ്‌നങ്ങള്‍ക്കിടയില്‍ വില വര്‍ധനവ് വീണ്ടും തിരിച്ചടിയാകുന്നുവെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. 

ഫെഡറല്‍ കണ്‍സ്യൂമര്‍ കാര്‍ബണ്‍ വിലയില്‍ ടണ്ണിന് 15 ഡോളറിന്റെ വര്‍ധനവ് ഏപ്രില്‍ 1 തിങ്കളാഴ്ച പ്രാബല്യത്തില്‍ വന്നു. ലെവി ഒരു ടണ്ണിന് 80 ഡോളറായി.