ഈജിപ്തില്‍ ബിസി 5,000 -ത്തോടെ തന്നെ മനുഷ്യര്‍ ആനകളെ വേട്ടയാടിയിരുന്നുവെന്ന് നൈല്‍ നദീകടത്തില്‍ നിന്നും കണ്ടെത്തിയ ശിലാ ലിഖിതങ്ങള്‍ തെളിവ് നല്‍കുന്നു. തീര്‍ത്തും പ്രാകൃതമായ ആയുധങ്ങളുമായി ഇത്രയും വലിയൊരു ജീവിയെ ഏങ്ങനെ മനുഷ്യന്‍ വേട്ടയാടി എന്നത് അജ്ഞാതമായിരുന്നു. അതിനും വളരെയേറെ മുമ്പ് തന്നെ ശിലായുഗത്തില്‍ തന്നെ മനുഷ്യന്‍ ഭൂമുഖത്തെ ഏറ്റവും വലിയ ജീവികളെ ഏങ്ങനെ വേട്ടയാടിയെന്ന് കണ്ടെത്തിയിരിക്കുകയാണ് ഇസ്രായേലിലെ ടെൽ അവീവ് സർവകലാശാലയിലെ പുരാവസ്തു ഗവേഷകർ. പുരാതന കല്ല്ക്കുഴികളുടെയും ആനകളുടെ കുടിയേറ്റ പാതകളുടെയും തന്ത്രപ്രധാനമായ സ്ഥലങ്ങൾ സൂചിപ്പിക്കുന്ന ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. മെയർ ഫിങ്കലും പ്രൊഫസർ റാൻ ബർകായിയുമാണ് പുതിയ കണ്ടെത്തലിന് പിന്നില്‍.