ചില്ലിവാക്കിലെ വീട്ടില്‍ നിന്നും നിയമവിരുദ്ധമായി വളര്‍ത്തിയ 9 അടി നീളമുള്ള ബര്‍മീസ് പെരുമ്പാമ്പിനെ പിടികൂടി 

By: 600002 On: Apr 1, 2024, 1:46 PM

 

 

ബ്രിട്ടീഷ് കൊളംബിയയിലെ ചില്ലിവാക്കില്‍ ഒരു വീട്ടില്‍ നിന്ന് ഒമ്പത് അടി നീളമുള്ള ബര്‍മീസ് പെരുമ്പാമ്പിനെ കണ്‍സര്‍വേഷന്‍ ഓഫീസര്‍മാര്‍ പിടികൂടി. വിദേശമൃഗത്തെ വളര്‍ത്തുമൃഗമായി സൂക്ഷിക്കുന്നത് പ്രവിശ്യയില്‍ നിയമവിരുദ്ധമാണെന്ന് കണ്‍സര്‍വേഷന്‍ ഓഫീസര്‍ സര്‍വീസ് വിശദീകരിക്കുന്നു. 

പാമ്പിനെ അനധികൃതമായി കൈവശം വെച്ചത് സംബന്ധിച്ച അന്വേഷണത്തിനൊടുവിലാണ് കഴിഞ്ഞ ചൊവ്വാഴ്ച പാമ്പിനെ പിടികൂടിയത്. അന്വേഷണം തുടരുന്നതിനാല്‍ പെരുമ്പാമ്പിനെ നിലവില്‍ ഒരു സ്ഥലത്ത് പരിചരിക്കുകയാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് നടപടി തീര്‍പ്പാക്കിയിട്ടില്ലെന്നും ബീസി കണ്‍സര്‍വേഷന്‍ ഓഫീസര്‍ സര്‍വീസ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അറിയിച്ചു. 

ബീസിയില്‍ നിയന്ത്രിത ജീവികള്‍ എന്നറിയപ്പെടുന്ന 1200 ഓളം ഇനങ്ങളില്‍ ഒന്നാണ് പൈത്തണുകള്‍. പ്രവിശ്യയിലെ ജീവികളല്ല ഇത്. ഇവയെ പ്രത്യേക അനുമതിയില്ലാതെ കൈവശം വയ്ക്കുന്നതും വളര്‍ത്തുന്നതും കയറ്റുമതി ചെയ്യുന്നതും നിയമവിരുദ്ധമാണ്. ഇത്തരം മൃഗങ്ങളെ കൈവശം വെച്ചാല്‍ 100,000 ഡോളര്‍ വരെ പിഴയും ഒരു വര്‍ഷം വരെ തടവും ലഭിക്കും.