വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഏറ്റവും പ്രായം കൂടിയ വ്യക്തി; ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി ഒന്റാരിയോ സ്വദേശി 

By: 600002 On: Apr 1, 2024, 12:05 PM

 


ഗ്രേറ്റര്‍ ടൊറന്റോ ഏരിയയില്‍ താമസിക്കുന്ന മര്‍ഖാമില്‍ നിന്നുള്ള 87 കാരന്‍ വാള്‍ട്ടര്‍ ടൗറോ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. വൃക്കമാറ്റി വെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന നിലയിലാണ് അദ്ദേഹം ഗിന്നസ് ബുക്കില്‍ ഇടം നേടിയത്. 2023 ജൂണ്‍ മാസത്തില്‍ സെന്റ് മൈക്കിള്‍ ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയ നടന്നത്. വൃക്ക സംബന്ധമായ അസുഖത്തിന് താന്‍ നാല് വര്‍ഷമായി ഡയാലിസിസ് ചെയ്യുകയായിരുന്നുവെന്നും എല്ലാ ദിവസവും മണിക്കൂറുകളോളം ആശുപത്രി സന്ദര്‍ശനങ്ങള്‍ നടത്താറുണ്ടായിരുന്നുവെന്നും ടൗറോ പറയുന്നു. ഇതിന് ശേഷമാണ് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായതെന്ന് അദ്ദേഹം പറയുന്നു. 

കഠിനമായ വൃക്കരോഗമുള്ള ആളുകള്‍ക്ക് ചികിത്സയും ശസ്ത്രക്രിയയും നടത്തുന്ന ഹോസ്പിറ്റലാണിത്. ആശുപത്രിയില്‍ ആദ്യമായി ഇത്രയും പ്രായം കൂടിയ ഒരാളില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുമ്പോള്‍ ഒരുപാട് നടപടിക്രമങ്ങള്‍ നടത്തേണ്ടി വന്നതായി ടൗറോയുടെ ശസ്ത്രക്രിയയെ കുറിച്ചുള്ള ലേഖനത്തില്‍ പറയുന്നു. ടൗറോ നിരവധി പരിശോധനകള്‍ക്കും വിലയിരുത്തലുകള്‍ക്കും കൗണ്‍സിലിംഗുകള്‍ക്കും വിധേയനായതായി ലേഖനത്തില്‍ പറയുന്നു. 

ആറ് മണിക്കൂര്‍ നീണ്ടതായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു മാസം ആശുപത്രിയില്‍ കഴിഞ്ഞു. പത്ത് മാസം കഴിഞ്ഞ് വൃക്ക സാധാരണനിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതായും പ്രായമേറിയൊരാള്‍ ഇത്രയും പെട്ടെന്ന് സുഖംപ്രാപിച്ചത് വളരെ പോസിറ്റീവായ കാര്യമാണെന്നും ഹോസ്പിറ്റലിലെ ഫിസിഷ്യന്‍ ഡോ. രമേശ് പ്രസാദ് പറഞ്ഞു. ഇതൊരു പ്രതീക്ഷയേറിയ തുടക്കം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.