അന്താരാഷ്ട്ര ബിരുദധാരികള്‍ക്കുള്ള വര്‍ക്ക് ഓഥറൈസേഷന്‍ ലെറ്ററുകളുടെ കാലാവധി നീട്ടി ഐആര്‍സിസി 

By: 600002 On: Apr 1, 2024, 9:12 AM

 

 

വര്‍ക്ക് പെര്‍മിറ്റ് അപേക്ഷയില്‍ തീരുമാനത്തിനായി കാത്തിരിക്കുന്ന കാനഡയിലെ അന്താരാഷ്ട്ര ബിരുദധാരികള്‍ക്ക് നല്‍കുന്ന ഇടക്കാല തൊഴില്‍ അംഗീകാര കത്തുകളുടെ കാലാവധി നീട്ടിയതായി റിപ്പോര്‍ട്ട്. അപേക്ഷ സമര്‍പ്പിക്കുന്ന സമയം മുതല്‍ 180 ദിവസത്തേക്ക് വര്‍ക്ക് ഓഥറൈസേഷന്‍ ലെറ്ററുകള്‍ സാധുവായിരിക്കും. നേരത്തെ 120 ദിവസമായിരുന്നു കാലാവധി. ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ(ഐആര്‍സിസി) നല്‍കുന്ന രേഖകളാണ് ഇന്റെറിം വര്‍ക്ക് ഓഥറൈസേഷന്‍ ലെറ്റര്‍. അന്താരാഷ്ട്ര ബിരുദധാരിക്ക് വര്‍ക്ക് പെര്‍മിറ്റ് അപേക്ഷയില്‍ ഐആര്‍സിസിയില്‍ നിന്ന് അന്തിമതീരുമാനം ലഭിക്കുന്നതിന് മുമ്പ് ജോലി ചെയ്യാന്‍ തുടങ്ങാന്‍ അനുവദിക്കുന്നതാണ് ഈ ലെറ്റര്‍. 

അന്താരാഷ്ട്ര ബിരുദധാരികള്‍ പോസ്റ്റ് ഗ്രോജ്വേഷന്‍ വര്‍ക്ക് പെര്‍മിറ്റിന്(PGWP)  അപേക്ഷിക്കുന്നതിന് മുമ്പ് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ചില മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം. വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കുന്ന സമയത്ത് സാധുവായ സ്റ്റഡി പെര്‍മിറ്റ് കൈവശം വയ്ക്കണം, ഡെസിഗ്നേറ്റഡ് ലേണിംഗ് ഇന്‍സ്റ്റിറ്റിയൂഷനില്‍ പഠനം പൂര്‍ത്തിയാക്കിയ ഫുള്‍ ടൈം വിദ്യാര്‍ത്ഥിയായിരിക്കണം, കുറഞ്ഞത് എട്ട് മാസത്തെ ഒരു പോസ്റ്റ്-സെക്കന്‍ഡറി അക്കാദമിക് വൊക്കേഷണല്‍ അല്ലെങ്കില്‍ പ്രൊഫഷണല്‍ ട്രെയ്‌നിംഗ് പ്രോഗ്രാമില്‍ പങ്കെടുത്തിരിക്കണം തുടങ്ങിയവ നിര്‍ബന്ധമായിരിക്കണം. 

വര്‍ക്ക് പെര്‍മിറ്റ് അപേക്ഷയില്‍ തീരുമാനമാകാതെ 180 ദിവസം കടന്നുപോയാല്‍ അപേക്ഷകര്‍ക്ക് ഐആര്‍സിസിയില്‍ നിന്ന് അംഗീകാരം തുടര്‍ന്നും ആവശ്യപ്പെട്ട് ഐആര്‍സിസിയെ സമീപിക്കാം. ഐആര്‍സിസി വെബ്‌ഫോം ഉപയോഗിച്ച് അപേക്ഷ നല്‍കാം.