10 കോടിയുടെ മാര്‍ജിന്‍, ഫസ്റ്റ് വീക്കെന്‍ഡ് കളക്ഷനില്‍ 'ലൂസിഫറി'നെ പിന്തള്ളി 'ആടുജീവിതം

By: 600007 On: Apr 1, 2024, 6:56 AM

 

 

തുടര്‍ച്ചയായ വിജയ ചിത്രങ്ങളുമായി 2024 ല്‍ ഇന്ത്യന്‍ സിനിമാലോകത്തിന്‍റെതന്നെ ശ്രദ്ധ നേടിയ മോളിവുഡ് ആ യാത്ര തുടരുകയാണ്. മഞ്ഞുമ്മല്‍ ബോയ്സിനും പ്രേമലുവിനും പിന്നാലെ ജനപ്രീതിയില്‍ ബഹുദൂരം മുന്നേറുന്ന ചിത്രം ആടുജീവിതമാണ്. ബ്ലസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായ ചിത്രം മലയാളികള്‍ ഏറെക്കാലമായി കാത്തിരുന്ന ഒന്നായിരുന്നു. റിലീസ് ദിനത്തില്‍ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചതോടെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ് ചിത്രം.

ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യദിനം 16.7 കോടി നേടിക്കൊണ്ട് കുതിപ്പ് ആരംഭിച്ച ചിത്രം മലയാളത്തില്‍ ഏറ്റവും വേ​ഗത്തില്‍ 50 കോടി നേടുന്ന ചിത്രമായി മാറിയിരുന്നു. ഞായറാഴ്ചയോടെയാണ് ആടുജീവിതം ഈ നേട്ടം  സ്വന്തമാക്കിയത്. ഇപ്പോഴിതാ ഞായറാഴ്ച പിന്നിട്ടപ്പോള്‍ ആദ്യ നാല് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയ ആ​ഗോള ​ഗ്രോസ് എത്രയെന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ എത്തിയിരിക്കുകയാണ്. പ്രമുഖ ട്രാക്കര്‍മാരുടെ കണക്ക് അനുസരിച്ച് വ്യാഴാഴ്ച പുറത്തെത്തിയ ചിത്രം ഞായറാഴ്ച വരെ നേടിയിരിക്കുന്നത് 65 കോടിയാണ്. മലയാള സിനിമയെ സംബന്ധിച്ച് ഏറ്റവും വലിയ വാരാന്ത്യ കളക്ഷനാണ് ഇത്. 

പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്ന, മോഹന്‍ലാല്‍ നായകനായെത്തിയ ലൂസിഫറിന്‍റെ റെക്കോര്‍ഡ് ആണ് ആടുജീവിതം തകര്‍ത്തിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. 10 കോടിയിലധികം ലീഡ് ആണ് ആദ്യ വാരാന്ത്യ കളക്ഷനില്‍ ആടുജീവിതത്തിന് ഉള്ളതെന്ന് പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ ഫോറം കേരളം അറിയിക്കുന്നു. അതേസമയം തിങ്കളാഴ്ചയും മികച്ച ബുക്കിം​ഗ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. സ്കൂള്‍ അവധിക്കാലം ആയതിനാല്‍ പ്രവര്‍ത്തിദിനങ്ങളിലും ചിത്രത്തിന് കാര്യമായ ഡ്രോപ്പ് ഉണ്ടാവില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. വിദേശ മാര്‍ക്കറ്റുകള്‍ക്കൊപ്പം തമിഴ്നാട്ടിലും കര്‍ണാടകയിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.