തന്റെ പ്രോപ്പര്‍ട്ടിയില്‍ ഗാരേജ് നിര്‍മിച്ച ഒന്റാരിയോ സ്വദേശി വൈദ്യുതി ലൈന്‍ മുറിഞ്ഞുപോയെന്ന കാരണത്താല്‍ ഇലക്ട്രിസിറ്റി പ്രൊവൈഡറുമായി ഒന്നര വര്‍ഷത്തിലേറെയായി തര്‍ക്കത്തില്‍. പവര്‍ ലൈനിന്റെ അറ്റകുറ്റപ്പണികള്‍ക്കായി 27,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഇലക്ട്രിസിറ്റി പ്രൊവൈഡറായ അലക്ട്ര യൂട്ടിലിറ്റീസ് ബ്രാംപ്ടണില്‍ താമസിക്കുന്ന പോള്‍ വില്ലിസിനോട് ആവശ്യപ്പെടുന്നത്.
2021 നവംബറിലാണ് ഒരു കരാറുകാരന്റെ സഹായത്തോടെ വില്ലിസ് തന്റെ ഗാരേജ് പണിയാന്‍ തുടങ്ങിയത്. പദ്ധതിയുടെ ആരംഭത്തില്‍ കരാറുകാരന്‍ ആഴത്തില്‍ കുഴിച്ചതിനാല്‍ ഒരു ഹൈഡ്രോ കേബിള്‍ മുറിഞ്ഞുപോയി. കുഴിയെടുക്കല്‍ പണികള്‍ ആരംഭിക്കുന്നതിന് മുമ്പ് അണ്ടര്‍ഗ്രൗണ്ട് ഗ്യാസ് പൈപ്പുകള്‍, കമ്മ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്ക്, പവര്‍ ലൈന്‍ കേബിളുകള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കാന്‍ ഒന്റാരിയോ വണ്ണുമായി വീട്ടുടമസ്ഥര്‍ നിയമപരമായി ബന്ധപ്പെടേണ്ടതുണ്ട്. താന്‍ ഒന്റാരിയോ വണ്ണുമായി ബന്ധപ്പെട്ടിരുന്നുവെന്നും എന്നാല്‍ കരാറുകാരന്‍ ഏജന്‍സിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്നും വില്ലിസ് പറഞ്ഞു.
2021 നവംബര്‍ മുതല്‍ അലക്ട്ര രണ്ട് തവണ ഹൈഡ്രോ ലൈന്‍ അറ്റകുറ്റപ്പണി നടത്തി ശരിയാക്കി. എന്നാല്‍ രണ്ട് തവണയും ലൈന്‍ പൊട്ടി. വില്ലിസ് താല്‍ക്കാലിക ഹൈഡ്രോലൈന്‍ മാറ്റിസ്ഥാപിക്കണമെന്ന് അലക്ട്ര ചൂണ്ടിക്കാട്ടി. അറ്റകുറ്റപ്പണികള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കണമെന്നും ഇല്ലെങ്കില്‍ കമ്പനി തന്റെ പവര്‍ ഓഫ് ചെയ്യുമെന്നും അറിയിക്കുകയായിരുന്നു.
മുഴുവന്‍ ചെലവും തനിക്ക് നല്‍കാന്‍ കഴിയില്ലെന്നും കക്ഷികള്‍ തമ്മില്‍ ഒത്തുതീര്‍പ്പിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വില്ലിസ് പറയുന്നു.