കാര്‍ബണ്‍ വില വര്‍ധിപ്പിക്കുന്ന ഫെഡറല്‍ സര്‍ക്കാരിന്റെ നടപടി മനുഷ്യത്വ രഹിതമെന്ന് ആല്‍ബെര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത്. ഹോം ഹീറ്റിംഗ് ഓയിലിനായി ഒക്ടോബറില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഏര്‍പ്പെടുത്തിയത് പോലെ എല്ലാ ഹോം ഹീറ്റിംഗ് രീതികള്‍ക്കും സമാനമായ കാര്‍ബണ്‍ വില താല്‍ക്കാലികമായി നിര്‍ത്തണമെന്ന് സ്മിത്ത് ഹൗസ് ഓഫ് കോമണ്‍സ് ഓപ്പറേഷന്‍സ് കമ്മിറ്റിയില്‍ ആവശ്യപ്പെട്ടു. അറ്റ്‌ലാന്റിക് കാനഡയ്ക്ക് പ്രയോജനകരമല്ല ഈ നീക്കമെന്നാണ് വിമര്‍ശകരുടെ അഭിപ്രായം.
സ്മിത്തും ന്യൂബ്രണ്‍സ്‌വിക്ക് പ്രീമിയര്‍ ബ്ലെയ്ന്‍ ഹിഗ്‌സും ഒന്നിച്ചാണ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരായത്. ധനനയവുമായി ബന്ധപ്പെട്ടതിനാല്‍ കാര്‍ബണ്‍ വില എസ്റ്റിമേറ്റ് സ്റ്റഡിയില്‍ ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യുന്നത് ഉചിതമായിരിക്കണമെന്ന് ഇരുവരും പറഞ്ഞു. സസ്‌ക്കാച്ചെവന്‍ പ്രീമിയര്‍ സ്‌കോട്ട് മോ ബുധനാഴ്ച കമ്മിറ്റിയില്‍ ഹാജരായി.
ഏപ്രില്‍ 1 ന് കാര്‍ബണ്‍ വില ടണ്ണിന് 65 ഡോളറില്‍ നിന്ന് 80 ഡോളറായി ഉയരുകയാണ്. ഇതോടെ ഗ്യാസോലിന്‍ വിലയും ലിറ്ററിന് 0.14 ഡോളറില്‍ നിന്ന് ഏകദേശം 0.18 ഡോളറായി ഉയരും.
കാര്‍ബണ്‍ വിലയ്ക്ക് പകരം, ആഗോളതലത്തില്‍ ഉദ്വമനം കുറയ്ക്കുന്നതിനുള്ള ശ്രമത്തില്‍ കല്‍ക്കരി വൈദ്യുതി ഉല്‍പ്പാദനം മാറ്റിസ്ഥാപിക്കുന്നതിന് കൂടുതല്‍ പ്രകൃതി വാതകം കയറ്റുമതി ചെയ്യുന്നതില്‍ കാനഡ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഹിഗ്‌സ് വാദിക്കുന്നു.