സമ്പൂര്‍ണ സൂര്യഗ്രഹണം: നയാഗ്ര റീജിയണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു 

By: 600002 On: Mar 30, 2024, 11:45 AM

 

 

സമ്പൂര്‍ണ സൂര്യഗ്രഹണം ഏപ്രില്‍ 8 ന് നടക്കുന്നതിന് മുന്നോടിയായി നയാഗ്ര റീജിയണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമായതിനാലും ആളുകളുടെ ആരോഗ്യവും സുരക്ഷയും മുന്‍ നിര്‍ത്തിയാണ് സൂര്യഗ്രഹണ ദിവസം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. എമര്‍ജന്‍സി മാനേജ്‌മെന്റ് ആന്‍ഡ് സിവില്‍ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. പ്രദേശത്ത് താമസിക്കുന്നവരുടെയും സന്ദര്‍ശകരുടെയും സുരക്ഷയ്ക്കായാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്ന് സിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സൂര്യഗ്രഹണം കാണാന്‍ ലോകത്തിലെ മികച്ച സ്ഥലങ്ങളിലൊന്നാണ് നയാഗ്ര ഫാള്‍സ് എന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. സൂര്യഗ്രഹണം വീക്ഷിക്കാന്‍ സഞ്ചാരികളും പ്രദേശവാസികളും ഉള്‍പ്പെടെ നിരവധി പേരായിരിക്കും ഇവിടെയെത്തുകയെന്ന് അധികൃതര്‍ പറയുന്നു. സുരക്ഷിതമായി സൂര്യഗ്രഹണം വീക്ഷിക്കാനും ആരോഗ്യ സുരക്ഷയ്ക്കും പ്രദേശിക സര്‍ക്കാരുകള്‍, ഫസ്റ്റ് റെസ്‌പോണ്ടേഴ്‌സ്, കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷനുകള്‍ എന്നിവ സഹായത്തിനായെത്തുമെന്നും അധികൃതര്‍ അറിയിച്ചു. 

സൂര്യഗ്രഹണം നടക്കാനിരിക്കെ വിമാനങ്ങള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) നല്‍കി. എല്ലാ ആഭ്യന്തര (ഇന്‍സ്ട്രുമെന്റ് ഫ്‌ലൈറ്റ് നിയമങ്ങള്‍) ഐഎഫ്ആര്‍ ഫ്‌ലൈറ്റുകളും കാലതാമസം, വഴിതിരിച്ചുവിടല്‍, ഷെഡ്യൂളിലെ മാറ്റങ്ങള്‍ എന്നിവയ്ക്കായി തയ്യാറാകണമെന്ന് എഫ്എഎ അറിയിച്ചു. ഗ്രഹണ പാതയിലെ എയര്‍ ട്രാഫിക്കിനും എയര്‍പോര്‍ട്ടുകള്‍ക്കും ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് എയര്‍മാന്‍മാരെ അറിയിക്കുക എന്നതാണ് അറിയിപ്പിന്റെ ഉദ്ദേശ്യമെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു. 

ഗ്രേറ്റ് നോര്‍ത്ത് അമേരിക്കന്‍ സൂര്യഗ്രഹണം എന്നാണ് നാസ വിശേഷിപ്പിച്ചത്. ഏപ്രില്‍ 8 സൂര്യഗ്രഹണം യുണൈറ്റഡ് സ്റ്റേറ്റ്‌സ്, മെക്‌സിക്കോ, കാനഡ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ദൃശ്യമാകും.